വയോധികനെ ഇടിച്ച ശേഷം നിർത്താതെ പോയ സ്കൂൾ ബസ്; നാട്ടുകാരും എസ്.ഡി.പി.ഐ പ്രവർത്തകരും ബസ് തടഞ്ഞു

കൊഴിഞ്ഞാമ്പാറ: അത്തിക്കോട് പള്ളിക്ക് സമീപം ഇന്നലെ കാൽനടയാത്രക്കാരനായ ഫാത്തിമ നഗർ സ്വദേശി ഷെയ്ഖ് അബ്ദുൽ ഖാദർ (65) നെ ഇടിച്ചുതെറിപ്പിച്ച ശേഷം വാഹനം നിർത്താതെ പോയ അഹല്യ പബ്ലിക് സ്കൂളിന്റെ KL 70 J3041 നമ്പർ സ്കൂൾ ബസിനെ ഇന്ന് നാട്ടുകാരും എസ്.ഡി.പി.ഐ പ്രവർത്തകരും ചേർന്ന് തടഞ്ഞു. അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ശക്തമായ ജനരോഷമാണ് ഉയർന്നത്.
ഇന്നലെ വൈകുന്നേരം റോഡരികിലൂടെ നടന്നുപോകുകയായിരുന്ന ഷെയ്ഖ് അബ്ദുൽ ഖാദറിനെ സ്കൂൾ ബസ് ഇടിച്ചുതെറിപ്പിക്കുന്നതും തുടർന്ന് വാഹനം നിർത്താതെ പോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ നാട്ടുകാരാണ് ഉടൻ ആശുപത്രിയിലെത്തിച്ചത്. നിലവിൽ അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
അപകടത്തിന് പിന്നാലെ സ്കൂൾ മാനേജ്മെന്റുമായി സംസാരിക്കാൻ ശ്രമിച്ച നാട്ടുകാർക്ക് തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്നും, മാനേജ്മെന്റിന്റെ സമീപനം പ്രതിഷേധത്തിന് കാരണമായെന്നും നാട്ടുകാർ പറയുന്നു. ഇതിനെ തുടർന്നാണ് ഇന്ന് അതേ ബസ് സർവീസ് നടത്തുന്നതിനിടെ നാട്ടുകാരും എസ്.ഡി.പി.ഐ പ്രവർത്തകരും ചേർന്ന് വാഹനം തടഞ്ഞത്.
റോഡപകടത്തിൽപ്പെട്ട ഒരു വയോധികനെ സഹായിക്കുകയോ വാഹനം നിർത്തുകയോ ചെയ്യാതെ മുന്നോട്ടുപോയ നടപടി മനുഷ്യത്വരഹിതമാണെന്നും, ഉത്തരവാദികൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. സ്കൂൾ വാഹനങ്ങൾ ഉൾപ്പെടെ പൊതുജനങ്ങൾ സഞ്ചരിക്കുന്ന റോഡുകളിൽ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.
അപകടത്തിൽപ്പെട്ട ഷെയ്ഖ് അബ്ദുൽ ഖാദറിന് നീതി ലഭ്യമാക്കുകയും സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കുകയും ചെയ്യുന്നതുവരെ പ്രതിഷേധം തുടരുമെന്ന് നാട്ടുകാരും എസ്.ഡി.പി.ഐ പ്രവർത്തകരും അറിയിച്ചു.



