സാമൂഹിക നീതിയുടെ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുക – റസാഖ് പാലേരി

പാലക്കാട്: സംഘ് പരിവാർ രാജ്യത്ത് വർഗീയതയും വിദ്വേഷ രാഷ്ട്രീയവും വ്യാപിപ്പിക്കുന്ന സാഹചര്യത്തിൽ സാഹോദര്യവും സാമൂഹിക നീതിയും ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയത്തെ ശക്തിപ്പെടുത്താൻ എല്ലാ ജനാധിപത്യ വിശ്വാസികളും മുന്നോട്ട് വരണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ആഹ്വാനം ചെയ്തു.
‘സാഹോദര്യ രാഷ്ട്രീയം, സാമൂഹ്യനീതിയുടെ പോരാട്ടം’ എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി ജൂൺ മാസത്തിൽ സംഘടിപ്പിച്ചുവരുന്ന സംസ്ഥാന വ്യാപക ക്യാമ്പയിന്റെ ഭാഗമായി പാലക്കാട് മുനിസിപ്പാലിറ്റിയിൽ പാർട്ടിയിലേക്ക് പുതുതായി എത്തിയ അംഗങ്ങൾക്ക് നൽകിയ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭൂമിയില്ലാത്തവർക്ക് ഭൂമി ലഭ്യമാക്കാനും പൗരത്വം നിഷേധിക്കപ്പെടുന്നവരുടെ അവകാശങ്ങൾ സംരക്ഷിക്കാനും പിന്നാക്ക ജനവിഭാഗങ്ങളുടെ നീതിക്കായി പോരാടാനുമുള്ള രാഷ്ട്രീയമാണ് വെൽഫെയർ പാർട്ടി ഉയർത്തിപ്പിടിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ലഹരി വ്യാപനത്തിനെതിരെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിക്ക് വെൽഫെയർ പാർട്ടി സമ്പൂർണ പിന്തുണ പ്രഖ്യാപിക്കുന്നതായും അദ്ദേഹം പറഞ്ഞു. അതേസമയം, വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് പ്രഖ്യാപിച്ച് കേരളത്തിൽ മദ്യ ഉപഭോഗം വർധിപ്പിക്കാനുള്ള ബജറ്റ് പ്രഖ്യാപനത്തിൽ നിന്ന് സംസ്ഥാന സർക്കാർ പിന്മാറണം. സർക്കാർ തന്നെ ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയെ ദുർബലമാക്കുന്ന സമീപനം സ്വീകരിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വീര്യം കൂടിയ മദ്യമായാലും വീര്യം കുറഞ്ഞ മദ്യമായാലും മദ്യത്തെയാണ് വെൽഫെയർ പാർട്ടി എതിർക്കുന്നത്. മദ്യനയത്തിന്റെ കാര്യത്തിൽ പിണറായി വിജയൻ സർക്കാർ സ്വീകരിച്ച നിലപാടിനോടുള്ള വിയോജിപ്പാണ് മുൻകാലത്ത് യു.ഡി.എഫ് പ്രകടിപ്പിച്ചതും അതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ അധികാരത്തിൽ നിന്ന് പുറത്തായത്. എന്നാൽ അതേ മദ്യനയം തന്നെയാണ് ഇനി യു.ഡി.എഫ് സർക്കാരും സ്വീകരിക്കുന്നതെങ്കിൽ ‘ഓപ്പറേഷൻ തൂഫാൻ’ എന്ന മുദ്രാവാക്യത്തിന് വിശ്വാസ്യത ഉണ്ടാകില്ലെന്നും, യു.ഡി.എഫിന്റെ ഗതിയും ‘തൂഫാൻ’ ആയിരിക്കുമെന്നും അദ്ദേഹം വിമർശിച്ചു.
രാസലഹരി മാത്രമല്ല, മദ്യം ഉൾപ്പെടെയുള്ള എല്ലാ ലഹരി വസ്തുക്കളുടെയും ഉപയോഗം കുറയ്ക്കാനും തടയാനുമുള്ള സമഗ്ര നയം സംസ്ഥാന സർക്കാർ സ്വീകരിക്കണമെന്നും റസാഖ് പാലേരി ആവശ്യപ്പെട്ടു.
വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് എം. സുലൈമാൻ അധ്യക്ഷത വഹിച്ചു. ജില്ലാ നേതാക്കളായ റിയാസ് ഖാലിദ്, ശാക്കിർ പുലാപ്പറ്റ, ബാബു തരൂർ എന്നിവർ സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗം ലുഖ്മാനുൽ ഹക്കീം സ്വാഗതവും വെൽഫെയർ പാർട്ടി പാലക്കാട് മുനിസിപ്പൽ പ്രസിഡന്റ് എം. ഫൈസൽ നന്ദിയും പറഞ്ഞു.

