നെന്മാറ ഇരട്ടക്കൊലപാതക കേസ്; ചെന്താമരയ്ക്കുള്ള ശിക്ഷാവിധി ഇന്ന്

പാലക്കാട് :നെന്മാറകേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലപാതക കേസിൽ ഏകപ്രതിയായ ചെന്താമരയ്ക്കുള്ള ശിക്ഷ ഇന്ന് പ്രഖ്യാപിക്കും. പോത്തുണ്ടി സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷാവിധി പ്രസ്താവിക്കുക.
ഈ മാസം ആറിന് വിധി പറയാനിരുന്ന കേസ് വിചാരണക്കോടതി ജഡ്ജിയുടെ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
2025 ജനുവരി 27-നാണ് നാടിനെ ഞെട്ടിച്ച ഇരട്ടക്കൊല നടന്നത്. നെന്മാറ പോത്തുണ്ടിയിൽ അയൽവാസികളായ സുധാകരനെയും 75-കാരിയായ ലക്ഷ്മിയെയും പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷമാണ് ചെന്താമര ഈ ഇരട്ടക്കൊല നടത്തിയതെന്നാണ് പ്രോസിക്യൂഷൻ ആരോപണം.
കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ പൊലീസ്, നാട്ടുകാർ എന്നിവരുടെ സംയുക്ത തെരച്ചിലിനൊടുവിൽ തൊട്ടടുത്ത ദിവസം രാത്രി സമീപത്തെ മാട്ടായി വനമേഖലയിൽ നിന്ന് സാഹസികമായി പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയപ്പോൾ പ്രതി കുറ്റം സമ്മതിക്കുകയും തന്നെ എത്രയും വേഗം ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നാടകീയ രംഗങ്ങൾ സൃഷ്ടിക്കുകയും ചെയ്തിരുന്നു. പൊലീസ് തെളിവെടുപ്പിനിടെയും നാട്ടുകാരെ ഭീഷണിപ്പെടുത്തിയ സംഭവവും ശ്രദ്ധേയമായി.
സജിത കൊലപാതകക്കേസിൽ 2025 ഫെബ്രുവരി 19-ന് ചെന്താമരയുടെ ജാമ്യം കോടതി റദ്ദാക്കിയിരുന്നു. തുടർന്ന് മാർച്ച് 25-ന് 132 സാക്ഷികൾ, മുപ്പതിലധികം രേഖകൾ, ശാസ്ത്രീയ തെളിവുകൾ എന്നിവ ഉൾപ്പെടുന്ന 480 പേജുകളുള്ള കുറ്റപത്രം പൊലീസ് സമർപ്പിച്ചു.
ഇതിനിടെ, സജിത കൊലപാതകക്കേസിൽ ചെന്താമരയ്ക്ക് കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.
ഈ കേസിൽ 2026 ഫെബ്രുവരി 23 മുതൽ മെയ് 6 വരെ നടന്ന വിചാരണയിൽ 82 സാക്ഷികളെ വിസ്തരിച്ചു. ഇവരിൽ നാല് പേർ കൂറുമാറി. അച്ഛനെയും അമ്മയെയും മുത്തശ്ശിയെയും കൊലപ്പെടുത്തിയ പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് സുധാകരന്റെയും സജിതയുടെയും മക്കൾ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി കെന്നത്ത് ജോർജ് ഇന്ന് ശിക്ഷാവിധി പ്രഖ്യാപിക്കും.

