146 ഗ്രാം എം.ഡി.എം.എ കേസ്: സാമ്പത്തിക ഇടപാടിൽ വടക്കന്തറ സ്വദേശി അറസ്റ്റിൽ; ലഹരി സംഘത്തിന്റെ കൂടുതൽ കണ്ണികളിലേക്ക് അന്വേഷണം

പാലക്കാട്: 146 ഗ്രാം മെത്താഫിറ്റമിൻ പിടികൂടിയ കേസിൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ വടക്കന്തറ സ്വദേശി അറസ്റ്റിൽ. പ്രാണംകുളം സ്വദേശി റോഹിത് രാജ് (28)നെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്.
ജൂലൈ 7ന് പി.എൻ. ചള്ളയിൽ നടത്തിയ പരിശോധനയിൽ കേസിലെ പ്രതികളിൽനിന്നും അവർ സഞ്ചരിച്ച ഥാർ വാഹനത്തിൽനിന്നുമായി ആകെ 146 ഗ്രാം മെത്താഫിറ്റമിൻ പിടികൂടിയിരുന്നു. ഒന്നാം പ്രതി ആകാശിന്റെ കൈവശത്തുനിന്ന് 56 ഗ്രാമും രണ്ടാം പ്രതി ജിഷ്ണുലാലിന്റെ കൈവശത്തുനിന്ന് 47 ഗ്രാമും വാഹനത്തിൽനിന്ന് 43 ഗ്രാമുമാണ് പിടികൂടിയത്.
തുടർന്ന് കസബ ഇൻസ്പെക്ടർ രാജീവ് എൻ.എസ്.യുടെ നേതൃത്വത്തിൽ നടത്തിയ വിശദമായ അന്വേഷണത്തിലാണ് റോഹിത് രാജിന്റെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ പൊലീസിന് ലഭിച്ചത്. ബംഗളൂരുവിൽനിന്ന് പാലക്കാട്ടേക്ക് മെത്താഫിറ്റമിൻ എത്തിച്ച കേസിലെ പ്രതികൾക്ക് ലഹരിമരുന്ന് വാങ്ങുന്നതിനായി സാമ്പത്തിക സഹായം നൽകിയതായി അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്.
കേസിലെ ഒന്നാം പ്രതിയുമായി റോഹിത് രാജ് നിരന്തരം ബന്ധപ്പെട്ടിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെയുള്ള തെളിവുകൾ പരിശോധിച്ചാണ് അറസ്റ്റ് നടപടിയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
വൻതോതിലുള്ള മെത്താഫിറ്റമിൻ പിടികൂടിയ കേസിൽ സാമ്പത്തിക ഇടപാടിലൂടെ കൂടുതൽ പേർക്ക് ബന്ധമുണ്ടോയെന്നതും ലഹരിമരുന്ന് വിതരണത്തിന്റെ പിന്നിലെ ശൃംഖലയും കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.

