സഹോദരങ്ങളായ രണ്ടു കുട്ടികളെ കുളിമുറിയിലെ വെള്ളത്തൊട്ടിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം; മാതാവ് പോലിസ് കസ്റ്റഡിയില്‍

പാലക്കാട്: കൊഴിഞ്ഞാമ്പാറ സഹോദരങ്ങളായ രണ്ടു കുട്ടികളെ കുളിമുറിയിലെ വെള്ളത്തൊട്ടിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുട്ടികളുടെ മാതാവിനെ പോലിസ് കസ്റ്റഡിയില്‍ എടുത്തു. മാതാവ് നിവേദ്യയെ ആണ് പോലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുന്നത്. കുട്ടികളെ കൊലപ്പെടുത്തിയെന്ന സംശയത്തെത്തുടര്‍ന്നാണ് മാതാവിനെ കസ്റ്റഡിയില്‍ എടുത്തത്.നാട്ടുകാരുടെ പരാതിയിലാണ് നടപടി.പാലക്കാട് കൊഴിഞ്ഞാമ്പാറ മേനോന്‍പ്പാറയിലാണ് ദാരുണമായ സംഭവം നടന്നത്. കൂരാന്‍ക്കാട്ടിലെ വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെയാണ് കൊഴിഞ്ഞാമ്പാറ സ്വദേശിയായ ജോണ്‍ കുമാറിന്റെ മക്കളായ അഞ്ചുവയസ്സുകാരി ജെനിഫര്‍ ജൂലിയറ്റും 3 വയസ്സുകാരന്‍ റോബിന്‍ ക്രിസ്റ്റഫറും മരിച്ചത്.വിറകുവെട്ടു തൊഴിലാളിയായ ജോണ്‍കുമാറും കുടുംബവും രണ്ടുമാസം മുന്‍പാണ് കൂരാങ്കാട്ടില്‍ താമസത്തിനെത്തിയത്. ചൊവ്വാഴ്ച രാവിലെ ജോണ്‍കുമാര്‍ പണിക്കുപോയി. നിവേദ്യയും മക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.വീടിനു മുന്‍വശത്ത് പണിചെയ്തുകൊണ്ടിരുന്ന നിവേദ്യ ഏറെ നേരമായി കുട്ടികളുടെ ശബ്ദം കേള്‍ക്കാതിരുന്നതിനെത്തുടര്‍ന്ന് അന്വേഷിച്ചു. സമീപവീടുകളിലുള്‍പ്പെടെ പോയി നോക്കിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് വീട്ടുമുറ്റത്തെ കുളിമുറിയില്‍ നോക്കിയപ്പോഴാണ് ഇരുവരും തൊട്ടിയിലെ വെള്ളത്തില്‍ ചലനമറ്റു കിടക്കുന്നതു കണ്ടതെന്നാണ് പോലിസിനോട് പറഞ്ഞത്.ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടികള്‍ മരിച്ചു. മേനോന്‍പാറ ഗവ യുപി സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ഥിനിയായ ജെനിഫര്‍ ജൂലിയറ്റ് കഴിഞ്ഞ രണ്ടുദിവസമായി സ്‌കൂളില്‍ പോയിരുന്നില്ല.


