ഒമ്പതാം ക്ലാസ് വിദ്യാർഥിയുടെ മരണം കൂട്ടുകാരുടെയും അധ്യാപകരുടെയും മൊഴിയെടുത്തു

പാലക്കാട് :കണ്ണാടി ഹയർ സെക്കൻഡറി സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർഥി, പല്ലഞ്ചാത്തനൂർ പൊള്ളപ്പാടം ചരലംപറമ്പ് ബി.ജയകൃഷ്ണന്റെ മകൻ അർജുൻ (14) ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് കൂട്ടുകാരുടെയും അധ്യാപകരുടെയും മൊഴിയെടുത്തു. സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. നിലവിൽ അസ്വാഭാവിക മരണത്തിനാണു കേസ് റജിസ്റ്റർ ചെയ്തിട്ടുള്ളത്. വിശദമായ അന്വേഷണം നടക്കുകയാണെന്നു കുഴൽമന്ദം പൊലീസ് ഇൻസ്പെക്ടർ എ.അനൂപ് അറിയിച്ചു.അധ്യാപകരുടെ ഭീഷണിയും മാനസിക പീഡനവും മൂലമാണു കുട്ടി മരിച്ചതെന്നാണു ജയകൃഷ്ണൻ നൽകിയ പരാതിയിൽ പറയുന്നത്. വീട്ടിൽ പ്രശ്നങ്ങളുണ്ടായിരുന്നെന്ന ആരോപണം തെറ്റാണെന്നും അർജുൻ മരിച്ച 14നു തലേന്നു ക്ലാസ് അധ്യാപിക ഭീഷണിപ്പെടുത്തിയതായി കൂട്ടുകാർ പറഞ്ഞിട്ടുണ്ടെന്നും ജയകൃഷ്ണൻ പറഞ്ഞു. അർജുൻ ഉൾപ്പെടെ 4 വിദ്യാർഥികൾ സമൂഹമാധ്യമത്തിൽ അയച്ച സന്ദേശത്തെച്ചൊല്ലി ഒരു രക്ഷിതാവു സ്കൂളിൽ നൽകിയ പരാതിയുമായി ബന്ധപ്പെട്ട സംഭവങ്ങളാണു മരണത്തിലേക്കു നയിച്ചതെന്നാണ് ആരോപണം.

