Image default
Film

ഭരതന്റെ മമ്മൂട്ടി ചിത്രം ‘അമരം’ റീ റിലീസിന്

0:00

ഭരതന്റെ മമ്മൂട്ടി ചിത്രം ‘അമരം’ റീ റിലീസിന്

എറണാകുളം:ഇപ്പോൾ റീ റിലീസ് ട്രെൻഡ് ആണ്. വർഷങ്ങൾക്ക് മുൻപ് ഇറങ്ങിയ ചിത്രങ്ങൾ ഒന്നുകൂടി ബിഗ് സ്ക്രീനിലേക്ക് എത്തുമ്പോൾ ആരാധകർ ആവേശത്തോടെ ആണ് അത് ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ മറ്റൊരു മമ്മൂട്ടി ചിത്രം കൂടി റീ റിലീസ് ചെയ്യുകയാണ്. ലോഹിതദാസിന്റെ തിരക്കഥയിൽ മമ്മൂട്ടിയെ നായകനാക്കി ഭരതൻ സംവിധാനം ചെയ്ത ‘അമരം’ ആണ് ഇത്തവണ റീമാസ്റ്റർ ചെയ്ത് റീ റിലീസിനെത്തുന്നത്. 34 വർഷങ്ങൾക്കുശേഷമാണ് സിനിമ വീണ്ടും ബിഗ് സ്ക്രീനിലെത്തുന്നത്. വല്യേട്ടൻ, വടക്കൻ വീരഗാഥ തുടങ്ങിയ ചിത്രങ്ങളാണ് നേരത്തെ റീ റിലീസ് ചെയ്ത മമ്മൂട്ടി ചിത്രങ്ങൾ.

സൈബര്‍ സിസ്റ്റംസ് ഓസ്‌ട്രേലിയ ആണ് ചിത്രം റീ- റിലീസില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്. 4K ദൃശ്യമികവിലും ഡോള്‍ബി അറ്റ്‌മോസ് ശബ്ദസാങ്കേതികവിദ്യയോടെയുമാണ് റീ- റിലീസ് ചെയ്യുന്നത്. ഓസ്ട്രേലിയ ആസ്ഥാനമായുള്ള ചലച്ചിത്ര വിതരണ കമ്പനിയായ സൈബർ സിസ്റ്റംസ് ഓസ്ട്രേലിയ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

1991 ഫെബ്രുവരി ഒന്നിനായിരുന്നു അമരത്തിന്റെ റിലീസ്. മത്സ്യബന്ധന തൊഴിലാളികളുടെ ജീവിതപശ്ചാത്തലത്തില്‍ ഇമോഷണല്‍ ഡ്രാമയായി എത്തിയ അമരം തിയേറ്ററില്‍ വലിയ വിജയമായിരുന്നു. 200 ദിവസത്തോളമാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളില്‍ പ്രദര്‍ശനം നടത്തിയത്. മദ്രാസിലെ തിയേറ്ററുകളിലും 50 ദിവസത്തോളം അമരം നിറഞ്ഞ സദസുകളെ നേടി.

മധു അമ്പാട്ട്, ജോണ്‍സണ്‍, രവീന്ദ്രന്‍, വി.ടി. വിജയന്‍, ബി.ലെനിന്‍ തുടങ്ങി മലയാളത്തിലെ എക്കാലത്തെയും പ്രതിഭാധനരായ പിന്നണിപ്രവര്‍ത്തകര്‍ അണിനിരന്ന ചിത്രം കൂടിയായിരുന്നു അമരം. സിനിമയിലെ ഗാനങ്ങളെല്ലാം എവര്‍ഗ്രീന്‍ സോങ്ങ്‌സായി ഇന്നും തുടരുകയാണ്. കൂടാതെ ചിത്രത്തിലെ ഓരോ അഭിനേതാക്കളുടെയും പ്രകടനം അവരുടെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളുടെ നിരയിലും ഇടംപിടിച്ചിരുന്നു.

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."