2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ടിവികെ ഒറ്റയ്ക്ക് മത്സരിക്കും; മഹാബലിപുരത്ത് നടന്ന ജനറൽ കൗൺസിൽ യോഗത്തിലാണ് നിർണായക തീരുമാനം

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടൻ വിജയിന്റെ രാഷ്ട്രീയ പാർട്ടിയായ തമിഴഗ വെട്രികഴകം (ടിവികെ) പ്രധാന പ്രഖ്യാപനവുമായി രംഗത്തെത്തി. 2026ൽ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ വിജയ് പാർട്ടി മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് ടിവികെ ഔദ്യോഗികമായി അറിയിച്ചു.
മഹാബലിപുരത്ത് നടന്ന പാർട്ടി ജനറൽ കൗൺസിൽ യോഗത്തിലാണ് ഈ തീരുമാനം എടുത്തത്. വിജയ് നേരിട്ടും 2000-ലധികം പാർട്ടി പ്രവർത്തകരും പങ്കെടുത്ത യോഗത്തിൽ, പാർട്ടി ഏതൊരു സഖ്യവും ഇല്ലാതെ ഒറ്റയ്ക്ക് മത്സരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
കരൂർ ദുരന്തത്തിന് ശേഷം വിജയ് പങ്കെടുത്ത ആദ്യ പാർട്ടി പരിപാടിയായിരുന്നു ഈ യോഗം. സംസ്ഥാനത്തെ സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളും, പാർട്ടിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളും, സംഘടനാ വ്യാപന പദ്ധതികളും യോഗത്തിൽ ചർച്ചയായി.
യോഗത്തിന് ശേഷമാണ് വിജയ് മുഖ്യപ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ ആഴ്ചകളായി പ്രചരിച്ചിരുന്ന എഐഡിഎംകെയുമായോ കേന്ദ്രസർക്കാരുമായോ സഖ്യത്തിനുള്ള അഭ്യൂഹങ്ങൾ ഇതോടെ അവസാനിച്ചതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
ടിവികെയുടെ ഈ തീരുമാനത്താൽ തമിഴ്‌നാട്ടിലെ രാഷ്ട്രീയരംഗം പുതിയ ചലനത്തിന് സാക്ഷിയാകും എന്നതാണ് നിരീക്ഷകരുടെ വിലയിരുത്തൽ.

