വിവാഹവാഗ്ദാനം നൽകി പീഡനം,11 ലക്ഷം തട്ടിയെടുത്തശേഷം വേറെ കല്യാണംകഴിച്ചു; പ്രതി അറസ്റ്റിൽ

എറണാകുളം:കൊച്ചിസോഫ്റ്റ്‌വേർ എൻജിനിയറെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം പള്ളിച്ചാൽ സംഗമം വീട്ടിൽ ശിവകൃഷ്ണ (34) യാണ് നോർത്ത് പോലീസിന്റെ പിടിയിലായത്. ഇൻഫോപാർക്കിൽ ജോലിചെയ്തിരുന്ന പരാതിക്കാരി 2022-ലാണ് പ്രതിയെ പരിചയപ്പെടുന്നത്. യുവതിയുടെ ആദ്യ വിവാഹബന്ധം പിരിഞ്ഞു നിൽക്കുമ്പോഴാണ് ഇവരെ പരിചയപ്പെടുന്നത്. ഭർത്താവിനോടൊപ്പം നിൽക്കുന്ന കുട്ടിയെ വീണ്ടെടുത്ത് വിവാഹം കഴിച്ച് ഒരുമിച്ചു നിൽക്കാമെന്ന് വിശ്വസിപ്പിച്ചു. തുടർന്ന് കലൂരിലുള്ള ഹോട്ടൽ മുറിയിലേക്ക് പരാതിക്കാരിയെ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് കേസ്.
കൂടാതെ പരാതിക്കാരിയെക്കൊണ്ട് ബിസിനസ് ആവശ്യത്തിലേക്കെന്ന് വിശ്വസിപ്പിച്ച് 11 ലക്ഷം രൂപ വായ്പ എടുപ്പിക്കുകയും ചെയ്തു. ഈപണം കൈക്കലാക്കിയ ശേഷം ഇയാൾ മറ്റൊരു വിവാഹം കഴിച്ചു. 2024 നവംബറിലാണ് എറണാകുളം ടൗൺ നോർത്ത് പോലീസ് സ്റ്റേഷനിൽ ശിവകൃഷ്ണയ്ക്കെതിരേ യുവതി പരാതി നൽകിയത്. കേസെടുത്തതോടെ ഇയാൾ ഫോൺനമ്പർ മാറ്റി ഒളിവിൽ പോയി.
കഴിഞ്ഞ ദിവസം ഇയാൾ വീട്ടിൽ വന്നെന്നറിഞ്ഞതിനെത്തുടർന്ന് പോലീസ് സംഘം തിരുവനന്തപുരത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. .
