വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ തടവുകാര്‍ ജയില്‍ ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച സംഭവം; പുറത്തുവന്ന കാര്യങ്ങള്‍ അടിസ്ഥാനരഹിതമെന്ന് ജസ്റ്റിസ് ഫോര്‍ പ്രിസണേര്‍സ്

തൃശൂര്‍ വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ തടവുകാര്‍ ജയില്‍ ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച സംഭവത്തില്‍, ജയില്‍ അധികൃതര്‍ പുറത്തുവിട്ട കാര്യങ്ങള്‍ അടിസ്ഥാനരഹിതമെന്ന് ജസ്റ്റിസ് ഫോര്‍ പ്രിസണേര്‍സ്. മാവോയിസ്റ്റ് തടവുകാരനായ മനോജിനെയും, എന്‍ഐഎ വിചാരണ തടവുകാരന്‍ അസറുദ്ദീനെയും ഉദ്യോഗസ്ഥര്‍ ക്രൂരമായി മര്‍ദിച്ചു. മര്‍ദ്ദന വിവരം പുറത്തുവരാതിരിക്കാന്‍ ഉദ്യോഗസ്ഥര്‍ വ്യാജവാര്‍ത്തയും വ്യാജപരാതിയും നല്‍കി. അവശനിലയിലായ ഇരുവരെയും അതീവ രഹസ്യമായാണ് ജയില്‍ മാറ്റിയതെന്നും ജസ്റ്റിസ്‌ഫോര്‍ പ്രിസണേഴ്‌സ് ചെയര്‍പേഴ്‌സണ്‍ ഷൈന രൂപേഷ്
പറഞ്ഞു.
ക്രൂരമര്‍ദ്ദനം ഏറ്റുവാങ്ങിയവര്‍ക്ക് ചികിത്സ പോലും നല്‍കാന്‍ ജയില്‍ വകുപ്പ് തയ്യാറായില്ല. അവശനിലയില്‍ ആയ ഇരുവരെയും അതീവ രഹസ്യമായി ഇന്ന് രാവിലെ ജയില്‍ മാറ്റി. ഇരുവര്‍ക്കും ചികിത്സ നല്‍കണമെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതായും കൂട്ടായ്മ വ്യക്തമാക്കി.
പലപ്പോഴും പകല്‍ സമയത്ത് തടവുകാരെ സെല്ലില്‍ നിന്ന് പുറത്തിറക്കാത്ത സാഹചര്യമുണ്ടായിരുന്നു. ഇതിനെതിരെ ഇവര്‍ കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് വാങ്ങി. ഇതില്‍ ഉദ്യോഗസ്ഥര്‍ പ്രകോപിതരായെന്നും അതിന്റെ തുടര്‍ച്ചയാണ് കഴിഞ്ഞ ദിവസം അരങ്ങേറിയ സംഭവമെന്നും ജസ്റ്റിസ്‌ഫോര്‍ പ്രിസണേഴ്‌സ് വ്യക്തമാക്കി. സെല്ലിനകത്തേക്ക് കയറാന്‍ പറഞ്ഞതില്‍ പ്രകോപിതരായി തടവുകാര്‍ തങ്ങളെ മര്‍ദിക്കുകയായിരുന്നുവെന്നാണ് ജയില്‍ അധികൃതര്‍ ഉന്നയിച്ച ആരോപണം. തുടര്‍ന്ന്, പരുക്കേറ്റ നിലയില്‍ അഭിനവ് എന്ന പ്രിസണ്‍ ഓഫീസര്‍ ചികിത്സ തേടുകയും ചെയ്തു.മനോജിനെയും അസറുദ്ദീനെയും ഒന്നര മണിക്കൂറിലധികം രഹസ്യ കേന്ദ്രത്തില്‍ കൊണ്ടുപോയി മര്‍ദിച്ചുവെന്നാണ് ആരോപണം. സംഭവത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്‍ഐഎ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. അതേസമയം കേരള പ്രിസൺ റൂൾ (കെ. പി. ആർ) ഇൽ കൃത്യമായി രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണി വരെ ലോക്കപ്പ് ചെയ്യാൻ പാടില്ല എന്ന നിയമം ഉണ്ടായിരിക്കെ ഉദ്യോഗസ്ഥർ അത് ചെയ്യാറില്ല. ചെയ്യാതിരിക്കാൻ നായമായി പറയുന്നത് ആവശ്യമായ ഉദ്യോഗസ്ഥർ ഇല്ല എന്നാണ്. കോടതികൾ വിചാരണ നടത്തി കുറ്റക്കാരാണെന്ന് കണ്ടെത്തിയ കഠിന തടവിന് ശിക്ഷിച്ച പ്രതികളെ തുറന്നു വിടുമ്പോഴും വിചാരണ തടവുകാരെ മാത്രം പൂട്ടിയിടുന്ന വിചിത്രമായ നിയമമാണ് ജയിലുകളിൽ നടക്കുന്നത്. ഇക്കാര്യങ്ങൾ പറഞ്ഞ് കോടതി ഉത്തരവ് നൽകിയാൽ പോലും അത് നടപ്പിൽ വരുത്താതിരിക്കാൻ ലോക്കപ്പ് തുറന്നിടുന്നതിന് പകരം കോടതി ഉത്തരവ് ലഭിച്ച ആളെ മാത്രം ലോക്കപ്പിന് പുറത്താക്കി സെല്ലുകൾ പൂട്ടിയും തടവുകാരെ മാനസികമായി പീഡിപ്പിക്കുന്നതായും ആരോപണം ഉണ്ട്.

