മുന്നണി മര്യാദ ലംഘിച്ചുവെന്ന് ആരോപണം; പാലക്കാട്ട് ഒറ്റയ്ക്ക് മത്സരിക്കാൻ സിപിഐ

പാലക്കാട്: എൽഡിഎഫ് മുന്നണി മര്യാദ പാലിക്കാത്ത സാഹചര്യത്തിൽ ജില്ലയിൽ വിവിധ മേഖലകളിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് സിപിഐ. മേലാർകോട് ഡിവിഷനിൽ സിപിഎം സ്ഥാനാർഥിക്കെതിരെ സിപിഐ ലോക്കൽ സെക്രട്ടറി എസ്. ഷൗക്കത്തലി മത്സരിക്കും. മണ്ണൂർ പഞ്ചായത്തിലെ അഞ്ച് വാർഡുകളിൽ സിപിഐ സ്വന്തം ചിഹ്നത്തിൽ സ്ഥാനാർഥികളെ നിർത്തും.
ചിറ്റൂർ നിയോജകമണ്ഡലത്തിലെ മൂന്ന് പഞ്ചായത്തുകളിൽ അഞ്ച് സീറ്റുകളിലും സിപിഐ സ്വതന്ത്രമായി മത്സരിക്കും. ചിറ്റൂർ–തത്തമംഗലം നഗരസഭയിൽ രണ്ട് വാർഡുകളിൽ സിപിഐ സ്ഥാനാർഥികൾ രംഗത്തുവരും. കൂടാതെ, ചിറ്റൂരിലെ രണ്ട് ബ്ലോക്ക് ഡിവിഷനുകളിലും, തൃത്താല മണ്ഡലത്തിലുള്ള നാല് പഞ്ചായത്തുകളിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് സിപിഐ അറിയിച്ചു.
മുന്നണിക്കുള്ളിൽ ധാരണകളും സീറ്റ് ക്രമീകരണങ്ങളും പാലിക്കപ്പെടാത്തതിനാലാണ് ഇത്തരം തീരുമാനം എടുത്തതെന്ന് സിപിഐ ജില്ലാ സെക്രട്ടറി സുമലത മോഹൻദാസ് വ്യക്തമാക്കി. മുന്നണി നിലനിൽക്കുന്നുവെങ്കിലും പാർട്ടിയുടെ രാഷ്ട്രീയ നിലപാട് സംരക്ഷിക്കാനാണ് സ്വതന്ത്ര മത്സരം എന്ന് അവർ കൂട്ടിച്ചേർത്തു.

