യുവതിയുടെ ദേഹംമുഴുവന്‍ മര്‍ദനമേറ്റ പാടുകള്‍; അഞ്ചുവര്‍ഷമായി ക്രൂരപീഡനം; യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍

കൊച്ചി: മരട്
യുവതിയെ മര്‍ദിച്ച സംഭവത്തില്‍ യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി എറണാകുളം പെരുമാനൂര്‍ ക്ലിന്റ് റോഡ് ആലുങ്കല്‍ വീട്ടില്‍ ഗോപു പരമശിവനെ (32) മരട് പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചുവര്‍ഷത്തോളമായി യുവതിയുടെ കൂടെ തൈക്കൂടത്ത് ഫ്‌ളാറ്റില്‍ താമസിച്ചു വരുകയാണ്
ഗോപു പരമശിവൻ
കഴിഞ്ഞ ദിവസം യുവതിയെ കാണാനില്ലെന്നു പറഞ്ഞ് ഗോപു മരട് പോലീസില്‍ പരാതിപ്പെട്ടിരുന്നു. പിന്നാലെ യുവതിയുടെ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ട പോലീസിനോട് ബന്ധുവിന്റെ വീട്ടിലാണുള്ളതെന്നും ഇപ്പോള്‍ വരാന്‍ സാധിക്കില്ലെന്നും യുവതി അറിയിച്ചു. എന്നാല്‍, വെള്ളിയാഴ്ച രാവിലെ സ്റ്റേഷനിലെത്തിയ യുവതി മര്‍ദനവിവരം പോലീസിനെ അറിയിക്കുകയായിരുന്നു. അഞ്ച് വര്‍ഷത്തോളമായി തന്നെ മര്‍ദിക്കുകയായിരുന്നുവെന്നും സഹികെട്ടാണ് താന്‍ ഇറങ്ങിപ്പോയതെന്നും യുവതി മൊഴി നല്‍കി.
ദേഹം മുഴുവന്‍ മര്‍ദനമേറ്റ പാടുകളുമായാണ് യുവതി മരട് സ്റ്റേഷനില്‍ ഹാജരായത്. മൊബൈല്‍ ചാര്‍ജര്‍ കേബിള്‍ ഉപയോഗിച്ചായിരുന്നു മര്‍ദനം. കേബിള്‍ പൊട്ടുന്നതുവരെ മര്‍ദിക്കുമായിരുന്നുവെന്നും റൂമില്‍ പൂട്ടിയിട്ടാണ് ഗോപു പുറത്തുപോയിരുന്നതെന്നും പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും യുവതി പറഞ്ഞു.
വൈറ്റില തൈക്കൂടത്തിനടുത്തുള്ള ഫ്‌ളാറ്റിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. നേരത്തേയുള്ള വിവാഹത്തില്‍ യുവതിക്ക് രണ്ടുകുട്ടികളുണ്ട്. കുട്ടികള്‍ മുന്‍ ഭര്‍ത്താവിനൊപ്പമാണ് താമസം. മര്‍ദനവിവരം പുറത്തുപറഞ്ഞാല്‍ കുട്ടികളെ ഉപദ്രവിക്കുമെന്ന് ഗോപു പരമശിവന്‍ ഭീഷണിപ്പെടുത്തിയിരുന്നതായും യുവതി പറയുന്നു. യുവതിയുടെ പരാതിയില്‍ മരട് പോലീസ് ഗോപുവിനെതിരേ വധശ്രമത്തിന് കേസെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കി.

