വീഡിയോ കാണിച്ച് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചു; ട്യൂഷൻ അധ്യാപകന് 30 വർഷം തടവും പിഴയും

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ട്യൂഷൻ അധ്യാപകന് 30 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. കാട്ടാക്കട അതിവേഗ പോക്സോ കോടതിയുടേതാണ് വിധി. മൊട്ടമൂട് സിഎസ്ഐ ചർച്ചിന് സമീപം താമസിക്കുന്ന ഉത്തമൻ (50) എന്നയാളെയാണ് കോടതി ശിക്ഷിച്ചത്. പിഴത്തുക കുട്ടിക്ക് നൽകണം. പിഴയൊടുക്കിയില്ലെങ്കിൽ എട്ട് മാസം കൂടി പ്രതി കഠിനതടവ് അനുഭവിക്കണം. കൂടാതെ, പിഴത്തുക മതിയാകാത്ത സാഹചര്യത്തിൽ കുട്ടിക്ക് മതിയായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും വിധി ന്യായത്തിൽ പറയുന്നു.
2023 ഒക്ടോബറിലാണ് ഈ കേസിന് ആസ്പദമായ സംഭവം നടന്നത്. പ്രതിയുടെ വീട്ടിൽ ട്യൂഷനെത്തിയ കുട്ടിയെ പ്രതി മൊബൈൽ ഫോണിൽ അശ്ലീല വീഡിയോകൾ കാണിച്ചുകൊണ്ട് ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. സംഭവത്തിനുശേഷം മാനസികമായി തകർന്ന കുട്ടി വീട്ടിലെത്തി മാതാവിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വീട്ടുകാർ പൊലിസിൽ പരാതി നൽകി. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് ഡി.ആർ. പ്രമോദ് ഹാജരായി. നരുവാമ്മൂട് എസ്എച്ച്ഒ ആയിരുന്ന എം. ശ്രീകുമാർ ആയിരുന്നു അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.
