വേങ്ങൂർ വെസ്റ്റ് വില്ലേജിലെ വില്ലേജ് അസിസ്റ്റന്റ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിൽ

എറണാകുളം: പോക്കുവരവ് ചെയ്ത് കരം തീർപ്പാക്കാൻ 5,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വേങ്ങൂർ വെസ്റ്റ് വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റ് ജി.ബി. മാത്യു എം വിജിലൻസ് സംഘത്തിന്റെ പിടിയിലായി. ഇന്ന് (നവംബർ 28, 2025) വൈകുന്നേരം 3.50 ന് ആയിരുന്നു പിടികൂടൽ.
പരാതിക്കാരൻ എറണാകുളം കുറുപ്പുംപ്പടിയിൽ പ്രവർത്തിക്കുന്ന ഒരു റവന്യു സർവീസ് കൺസൾട്ടൻസി സ്ഥാപനത്തിന്റെ ഉടമയാണ്. പുളിക്കൽ സ്വദേശിയായ ഒരു വസ്തു ഉടമയുടെ ഭാഗപത്രം രജിസ്റ്റർ ചെയ്യുന്നതും തുടർന്ന് പോക്കുവരവ് ചെയ്ത് കരം തീർപ്പാക്കുന്നതിനുള്ള നടപടികളും കൈകാര്യം ചെയ്യുന്നതിനിടെയാണ് കൈക്കൂലി ആവശ്യപ്പെട്ടതെന്ന് വിജിലൻസ് അറിയിച്ചു.
ഭാഗപത്രം കുറുപ്പുംപ്പടി സബ് രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്തതിന് ശേഷം പോക്കുവരവ് നടപടികൾക്കായി അപേക്ഷ വേങ്ങൂർ വെസ്റ്റ് വില്ലേജിലേക്ക് എത്തിയിരുന്നു. അപേക്ഷയുടെ സ്ഥിതി അന്വേഷിക്കാൻ എത്തിയ പരാതിക്കാരനോട് 5,000 രൂപ കൈക്കൂലി നൽകണം എന്ന് വില്ലേജ് അസിസ്റ്റന്റ് ജി.ബി. മാത്യു എം ആവശ്യപ്പെട്ടതായി വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു.
കൈക്കൂലി നൽകാൻ തയ്യാറാകാതിരുന്ന പരാതിക്കാരൻ ഈ സംഭവം എറണാകുളം വിജിലൻസ് ഡെപ്യൂട്ടി എസ്പി യെ അറിയിക്കുകയായിരുന്നു. തുടർന്ന് കെണിയൊരുക്കിയ വിജിലൻസ് സംഘം പണം സ്വീകരിക്കുന്നതിനിടെ പ്രതിയെ കൈയ്യോടെ പിടികൂടുകയായിരുന്നു. പ്രതി ജി.ബി. മാത്യു എം എന്ന വില്ലേജ് അസിസ്റ്റന്റിനെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.
