അനാശാസ്യത്തിന് അറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചു; വടകര ഡി. വൈ.എസ് .പിക്കെതിരെ കേസെടുക്കും

കോഴിക്കോട്:
വടകരലൈംഗിക പീഡന ആരോപണത്തിൽ വടകര ഡിവൈഎസ്പി ഉമേഷിനെതിരെ ഉടൻ കേസെടുത്തേക്കും. നിയമനടപടി പെട്ടന്ന് സ്വീകരിക്കാൻ പാലക്കാട് എസ്പി സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ചെർപ്പുള്ളശ്ശേരി സിഐയുടെ ആത്മഹത്യാക്കുറിപ്പിലാണ് ഡിവൈഎസ്പി ഉമേഷിനെതിരെ ആദ്യമായി ഗുരുതരമായ ആരോപണമുന്നയിച്ചത്.
അനാശാസ്യ കേസിൽ അറസ്റ്റിലായ യുവതിയെ ഡിവൈഎസ്പി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നായിരുന്നു സിഐയുടെ ആത്മഹത്യാക്കുറിപ്പിലെ പ്രധാനപ്പെട്ട ആരോപണം. കഴിഞ്ഞ ദിവസം ഇതേ യുവതി ജില്ലാക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് മൊഴി നൽകിയിരുന്നു. ഡിവൈഎസ്പി തന്നെ പലതവണ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്ന് യുവതി മൊഴിയിൽ ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്. തനിക്കൊപ്പം പിടിയിലായവരിൽ നിന്ന് ഡിവൈ.എസ്.പി കൈക്കൂലി വാങ്ങിയതായും യുവതി മൊഴി നൽകിയിട്ടുണ്ട്.
മൊഴിയുടെ അടിസ്ഥാനത്തിലാണ് ഡിവൈഎസ്പിക്കെതിരെ കേസെടുക്കുന്നതിനും തുടർ നടപടികൾക്കുമായി പാലക്കാട് എസ്പി റിപ്പോർട്ട് ഡിജിപിക്ക് കൈമാറിയത്.
ചെർപ്പുളശ്ശേരി സി.ഐ. ബിനു തോമസിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വടകര ഡിവൈ.എസ്.പി. ഉമേഷിനെതിരെ കൂടുതൽ ഗുരുതരമായ വെളിപ്പെടുത്തലുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.
പെൺവാണിഭക്കേസിൽ കസ്റ്റഡിയിലെടുത്ത ശേഷം നിയമനടപടികളിൽ നിന്ന് ഒഴിവാക്കാമെന്ന് പറഞ്ഞ് ഡിവൈ.എസ്.പി. ഉമേഷ് തന്നെ ബലാൽസംഗം ചെയ്തതായാണ് യുവതി മൊഴി നൽകിയിരിക്കുന്നത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഡിവൈ.എസ്.പി.ക്കെതിരെ ബലാൽസംഗ കുറ്റം ചുമത്തി കേസെടുക്കാനാണ് സാധ്യത.
സംഭവം നടന്ന് പത്ത് വർഷത്തിലധികം കഴിഞ്ഞു. പീഡനത്തിനിരയായ സ്ത്രീ പരാതിയുമായി മുന്നോട്ട് പോകാൻ തയ്യാറായാൽ മാത്രമേ പോലീസ് കേസ് രജിസ്റ്റർ ചെയ്യാനുള്ള സാധ്യതയുള്ളൂ. യുവതിയെ പീഡിപ്പിച്ച വിഷയം
പറഞ്ഞ് ഡിവൈ.എസ്.പി. ഉമേഷ് തന്നെ നിരന്തരം മാനസികമായി പീഡിപ്പിക്കുമായിരുന്നു എന്ന് ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ട്. ഈ സാഹചര്യത്തിൽ ഡിവൈ.എസ്.പി.ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം നിലനിൽക്കുന്നതായി പോലീസ് വിലയിരുത്തുന്നു. നവംബർ 15ന് ചെർപ്പുളശ്ശേരിയിലെ പോലീസ് ക്വാർട്ടേഴ്‌സിലാണ് സി.ഐ. ബിനു തോമസ് ആത്മഹത്യ ചെയ്തത്.
