കാനത്തിൽ ജമീലയ്ക്ക് വിട നൽകാനൊരുങ്ങി നാട്; കബറടക്കം ഇന്ന് വൈകിട്ട് 5 മണിക്ക്

കോഴിക്കോട്: അർബുദ രോഗത്തെ തുടർന്ന് അന്തരിച്ച കാനത്തിൽ ജമീല എംഎൽഎയുടെ കബറടക്കം ഇന്ന് വൈകുന്നേരം 5 മണിക്ക് നടക്കും. ഔദ്യോഗിക ബഹുമതികളോടെ അത്തോളി കുനിയിൽക്കടവ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനിയിലാണ് ജമീലയുടെ മൃതദേഹം സംസ്കരിക്കുക. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹവുമായി സിപിഐ എം നേതാക്കൾ ഏറ്റുവാങ്ങി പൊതുദർശനത്തിനായി ജില്ലാ കമ്മിറ്റി ഓഫീസിലെത്തിച്ചു. രാവിലെ 8 മണി മുതൽ 10 മണി വരെ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിലും 11 മണി മുതൽ കൊയിലാണ്ടി ടൗൺ ഹാളിലുമായിരുന്നു പൊതുദർശനം.
സിപിഐ എം കേന്ദ്ര കമ്മറ്റി അംഗം ഇപി ജയരാജൻ, പി കെ ശ്രീമതി, എളമരം കരീം, സിപിഐഎം സംസ്ഥാന കമ്മറ്റി അംഗം പി മോഹനൻ ഡിവെഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വസീഫ് തുടങ്ങി വിവിധ നേതാക്കൾ ആദരാഞ്ജലികളർപ്പിച്ചു
ഉച്ചകഴിഞ്ഞ് തലക്കുളത്തൂരും പൊതുദർശനമുണ്ടാകും
മൂന്ന് പതിറ്റാണ്ടിലേറെക്കാലം കേരളത്തിലെ പൊതുപ്രവർത്തന രംഗത്ത് സജീവ സാന്നിധ്യമായിരുന്നു കാനത്തിൽ ജമീല. രണ്ട് തവണ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസൻ്റ് സ്ഥാനം അലങ്കരിച്ച അവർ പഞ്ചായത്ത് പ്രസിഡൻ്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എന്നീ നിലകളിലും മികച്ച പ്രവർത്തനം കാഴ്ചവെച്ചു. ജനകീയസൂത്രണം വഴി ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച, കേരള പൊതുരംഗത്തിന് മികച്ച സംഭാവനകൾ നൽകിയ വനിതാ നേതാവായിരുന്നു ജമീല.
2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ എൻ സുബ്രഹ്മണ്യനെ 8572 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് കാനത്തിൽ ജമീല വിജയിച്ചത്. ഈ വിജയത്തിലൂടെ മലബാറിൽ നിന്നുള്ള മുസ്ലിം വിഭാഗത്തിലെ ആദ്യ വനിതാ എംഎൽഎ എന്ന ചരിത്ര നേട്ടവും അവർ സ്വന്തമാക്കിയിരുന്നു

