റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ച് കയറി; പാലക്കാട് സ്വദേശി ഉൾപ്പെടെ രണ്ട് പേർ മരിച്ചു

തിരുപ്പത്തൂർ (തമിഴ്നാട്): ബാംഗ്ലൂർ–ചെന്നൈ ദേശീയപാതയിൽ അമ്പൂരിനടുത്ത് വിണ്ണമംഗലത്ത് ഇന്നലെ പുലർച്ചെ നടന്ന ഭീകര വാഹനാപകടത്തിൽ ഒലവക്കോട് സ്വദേശിയും തൃശൂർ സ്വദേശിയും ഉൾപ്പെടെ രണ്ട് പേർ മരിച്ചു.
തൃശൂർ ഒല്ലൂർ തട്ടിൽമണ്ടി സ്വദേശിയായ ലോനപ്പന്റെ ഭാര്യ റോസി (72), പാലക്കാട് ഒലവക്കോട് നമ്പാടൻ ആന്റണിയുടെ മകൻ ദിവ്യമോൻ (51) എന്നിവരാണ് മരിച്ചത്. കാർ ഓടിച്ചിരുന്ന റോസിയുടെ മകൾ ലൗലി (55)ക്ക് ലഘു പരിക്കേറ്റു. കോയമ്പത്തൂർ ജില്ലയിലെ കൗണ്ടംപാളയത്ത് താമസിച്ചുവരികയായിരുന്നു ഇവർ.
റോസിയുടെ ചികിത്സക്കായി റാണിപേട്ടയിലെ ആശുപത്രിയിലേക്ക് യാത്ര ചെയ്യുകയായിരുന്നപ്പോൾ വാഹനം നിയന്ത്രണം വിട്ട് റോഡരികിൽ പാർക്ക് ചെയ്തിരുന്ന ലോറിയിൽ ഇടിച്ചുകയറുകയായിരുന്നു. റോസിയും ദിവ്യമോനും സംഭവസ്ഥലത്ത് തന്നെ മരിച്ചു.
തകർന്ന കാറിനുള്ളിൽ കുടുങ്ങിയ മൃതദേഹങ്ങൾ പുറത്തെടുക്കാൻ ഫയർഫോഴ്‌സും പോലീസും ഏറെ നേരം പണിപ്പെട്ടു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആമ്പൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
ദിവ്യമോന്റെ മക്കൾ: ആൻലിന, ആൻലോണ ഇരുവരും കാനഡയിലെ വിദ്യാർത്ഥികൾ.

