മാനസിക വെല്ലുവിളിയുള്ള അമ്മയെ മകൻ മർദിച്ച് കൊലപ്പെടുത്തി; ഭാര്യയ്ക്ക് പങ്കുണ്ടെന്ന് സൂചന

എറണാകുളം: മാനസിക വെല്ലുവിളി നേരിടുന്ന അമ്മയെ മകൻ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തി. അമ്മയുടെ പേരിലുള്ള ഒന്നര ഏക്കർ ഭൂമി കൈക്കലാക്കാൻ വേണ്ടിയായിരുന്നു മൂന്ന് മാസത്തിലേറെയായി തുടർന്ന ക്രൂരപീഡനമെന്നാണ് പ്രാഥമിക നിഗമനം. അനിത (58) ആണ് മരിച്ചത്. അനിതയുടെ ശരീരത്തിൽ മർദനമേറ്റതിന്റെ നിരവധി പാടുകൾ കണ്ടെത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മകൻ ബിനു (38) വിനെ നെടുമ്പാശ്ശേരി പൊലിസ് അറസ്റ്റ് ചെയ്തു.
ഏകദേശം 20 വർഷത്തോളം മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന അനിതയെ അടുത്തിടെയാണ് മകൻ ബിനു വീട്ടിലേക്ക് കൊണ്ടുവന്നത്. ഇതിനു പിന്നാലെയാണ് സ്വത്ത് കൈക്കലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ക്രൂരമായ മർദനം ആരംഭിച്ചത്.
തുടർച്ചയായ മർദനത്തെ തുടർന്ന് രക്തം കട്ടപിടിച്ചതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. സംഭവത്തിൽ ബിനുവിന്റെ ഭാര്യയുടെ പങ്കിനെക്കുറിച്ചും പൊലിസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭൂമിക്ക് വേണ്ടിയുള്ള ഈ കൊലപാതകം പ്രദേശവാസികളെയും ഞെട്ടിച്ചിരിക്കുകയാണ്.

