ഷാഫിക്കെതിരെ ഒളിയമ്പുമായി എ. തങ്കപ്പൻ; ‘രാഹുലിനെ കൊണ്ടുവന്നവർക്കാണ് ഉത്തരവാദിത്തം’

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ വിവാദത്തിൽ ഷാഫി പറമ്പിൽ എം.പിക്കെതിരെ ഒളിയമ്പുമായി ഡി.സി.സി അധ്യക്ഷൻ എ. തങ്കപ്പൻ. രാഹുൽ വിഷയത്തിൽ അയാളെ കൊണ്ടുവന്നവർക്ക് തന്നെയാണ് ഉത്തരവാദിത്തമെന്ന് എ. തങ്കപ്പൻ പറഞ്ഞു.
രാഹുലുമായി ബന്ധപ്പെട്ട വിഷയം പാർട്ടി അധ്യക്ഷനുമായി സംസാരിച്ചിരിക്കാം. ഷാഫിയോട് ചോദിക്കാൻ എന്താണ് കാര്യമെന്ന് പറയുമായിരുന്നു. ഷാഫി അടുത്ത ആളാണ് രാഹുൽ എന്ന് പറയാൻ സാധിക്കില്ല. ഇരുവരും തമ്മിൽ ബന്ധങ്ങളുണ്ട്. പൊതുപ്രവർത്തകൻ എന്ന നിലയിൽ എല്ലാ കാര്യത്തിലും ജാഗ്രത പുലർത്തണമെന്നും തങ്കപ്പൻ വ്യക്തമാക്കി.
രാഹുലിനെ കൊണ്ടുവരുന്ന കാര്യത്തിൽ 100 ശതമാനം ഷാഫി ജാഗ്രതാ പുലർത്തണമായിരുന്നു. കൊണ്ടുവന്ന ആളുകൾക്ക് ഇതിൽ ഉത്തരവാദിത്തമുണ്ട്. ഓരോ ആളുകളെയും പഠിക്കേണ്ടതാണ്. ഷാഫിയുടെ വ്യക്തിപരമായ കാര്യമായല്ല രാഹുലിനെ പാലക്കാട്ടേക്ക് കൊണ്ടുവന്നത്. രാഹുലിനെ പാലക്കാട്ട് മത്സരിപ്പിക്കുക എന്നത് രാഷ്ട്രീയ തീരുമാനമാണെന്നും എ. തങ്കപ്പൻ വ്യക്തമാക്കി.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രണ്ടാമതും പീഡനപരാതി ഉയർന്ന സാഹചര്യത്തിലാണ് സംസ്കാരസാഹിതി ജനറൽ സെക്രട്ടറിയായ എം.എ. ഷഹനാസ് രംഗത്തുവന്നത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നേരത്തേ പരാതി ഉന്നയിച്ചിരുന്നെന്നും ഷാഫി പറമ്പിൽ അതിന് വിലകൽപിച്ചില്ലെന്നും നിറഞ്ഞ പരിഹാസവും പുച്ഛവുമായിരുന്നുവെന്നും ഷഹനാസ് ആരോപിച്ചു.
