0:00
പാലക്കാട് നഗരമധ്യത്തില്‍ തലയോട്ടിയും അസ്ഥികളും, കവറില്‍ പൊതിഞ്ഞ് ഉപേക്ഷിച്ചനിലയില്‍; അന്വേഷണം

പാലക്കാട്: നഗരമധ്യത്തിലെ മാതാ കോവില്‍പള്ളിക്ക് മുന്‍വശത്തെ തുറസ്സായ സ്ഥലത്ത് മാലിന്യക്കൂമ്പാരത്തിന് സമീപം മനുഷ്യന്റെ ശരീരഭാഗങ്ങള്‍ കണ്ടെത്തി. തലയോട്ടിയും അസ്ഥികളുമാണ് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്.
നഗരസഭയിലെ ശുചീകരണത്തൊഴിലാളികളാണ് തലയോട്ടി അടക്കമുള്ള ഭാഗങ്ങള്‍ ആദ്യം കണ്ടത്. രണ്ടുദിവസമായി ഈ ഭാഗത്തുനിന്ന് രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടിരുന്നതായി തൊഴിലാളികള്‍ പറഞ്ഞു. തുടര്‍ന്ന് രാവിലെ പരിശോധിച്ചപ്പോഴാണ് തലയോട്ടിയും എല്ലുകളും കണ്ടെത്തിയത്.
തലമുടി അടക്കമുള്ള ശരീരഭാഗങ്ങള്‍ പൂര്‍ണമായി അഴുകാത്തനിലയിലാണ് കണ്ടെത്തിയത്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള-ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തും. ശേഷം വിശദമായ ശാസ്ത്രീയപരിശോധനയ്ക്കായി കണ്ടെടുത്ത ശരീരഭാഗങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റും.
