കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന് കുന്നിൻ മുകളില്‍ നിന്ന് വീണ് പരിക്ക്: കൂട്ടാളി പിടിയില്‍

എറണാകുളം:കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാന്‍ പിടിയില്‍. ഇടപ്പളളിയിലെ വീട് വളഞ്ഞാണ് ഇമ്രാനെ കൊച്ചി സിറ്റി ഡാന്‍സാഫ് സംഘം പിടികൂടിയത്.
തമിഴ്‌നാട് പൊലീസിന് കൈമാറിയ ഇമ്രാനില്‍ നിന്നാണ് ബാലമുരുകനെക്കുറിച്ച് വിവരം കിട്ടിയത്. തുടര്‍ന്നാണ് തെങ്കാശി മേഖല കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയത്. വിയ്യൂര്‍ ജയിലില്‍ നിന്നും നിന്നും ചാടിയ ബാലമുരുകന്‍ ഒട്ടന്‍ഛത്രത്തിലും കവര്‍ച്ച നടത്തിയിരുന്നു. കഴിഞ്ഞ മാസം 23-നായിരുന്നു കവര്‍ച്ച. ഈ കേസിലെ കൂട്ടുപ്രതിയാണ് ഇമ്രാന്‍.
അതേസമയം, ബാലമുരുകന് തെങ്കാശിയിലെ പാറയിടുക്കില്‍ വീണ് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. തെങ്കാശിയിലെ കടയത്ത് മലയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പരിക്കേറ്റത്. പൊലീസ് അടുത്തെത്തിയതോടെ ബാലമുരുകന്‍ പാറയുടെ മുകളില്‍ നിന്ന് എടുത്തുചാടുകയായിരുന്നു. ഇയാള്‍ക്ക് ഗുരുതര പരിക്കേറ്റതായാണ് വിവരം. ഇയാളെ രക്ഷപ്പെടുത്തി കസ്റ്റഡിയിലെടുക്കുന്നത് അടുത്ത ദിവസത്തേക്ക് മാറ്റി. നിലവില്‍ രക്ഷാദൗത്യത്തിലേക്ക് കടന്നാല്‍ പൊലീസിന് തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് തീരുമാനം.
ഭാര്യയെ കാണാന്‍ വേണ്ടിയാണ് ബാലമുരുകന്‍ തെങ്കാശിയിലെത്തിയത്. അമ്ബതോളം വരുന്ന പൊലീസുകാരെ വെട്ടിച്ച് ബാലമുരുകന്‍ കുന്നില്‍ മുകളിലേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു. ബാലമുരുകനു പിന്നാലെ മലയിലേക്ക് ഓടിയ അഞ്ച് പൊലീസുകാര്‍ ഏറെ നേരം ഇറങ്ങാന്‍ കഴിയാതെ കുടുങ്ങിക്കിടന്നു. ഒടുവില്‍ ഫയര്‍ഫോഴ്‌സ് എത്തിയാണ് മലയില്‍ കുടുങ്ങിയ പൊലീസുകാരെ താഴെയിറക്കിയത്. തെങ്കാശി സ്വദേശി ബാലമുരുകന്‍ കൊലപാതകം ഉള്‍പ്പെടെ 53-ലധികം കേസുകളില്‍ പ്രതികളാണ്.

