ഭീമ-കൊറേഗാവ് കേസിൽ ജാമ്യം ലഭിച്ച പ്രഫ. ഹാനി ബാബു ജയിൽ മോചിതനായി

തൃശ്ശൂർ:ഭീമ-കൊറേഗാവ് -എൽഗാർ പരിഷത് കേസിൽ ജാമ്യം ലഭിച്ച മലയാളിയായ മുൻ ഡൽഹി സർവകലാശാല പ്രഫ. ഹാനി ബാബു ജയിൽ മോചിതനായി. അഞ്ച് വർഷത്തെ ജയിൽവാസത്തിന് ശേഷമാണ് ബോംബെ ഹൈകോടതി ജാമ്യം ലഭിച്ച ഹാനി ബാബു ജയിൽ മോചിതനായത്. നവി മുംബൈയിലെ തലോജ ജയിലിലാണ് ഹാനി കഴിഞ്ഞിരുന്നത്.
കഴിഞ്ഞ ദിവസമാണ് ബോംബെ ഹൈകോടതി ഹാനി ബാബുവിന് ജാമ്യം അനുവദിച്ചത്. ജയിലിൽ കഴിയവെ ഹാനി ബാബു ജാമ്യം തേടി നേരത്തെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ബോംബെ ഹൈകോടതിയെ സമീപിക്കാനായിരുന്നു സുപ്രീംകോടതി നിർദേശം. കേസിലെ മറ്റ് പ്രതികൾക്ക് ജാമ്യം ലഭിച്ച സാഹചര്യത്തിലാണ് ഹാനി വീണ്ടും ഹൈകോടതിയെ സമീപിച്ചത്.
കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട 12ാമത്തെ വ്യക്തിയാണ് ഡൽഹി സർവകലാശാല അസോസിയറ്റ് പ്രഫസർ എം.ടി. ഹാനി ബാബു. ഹൈദരബാദ് ഇഫ്ലുവിലും ജർമനിയിലെ കോൺസ്റ്റാൻസ് സർവകലാശാലയിലും ഉപരിപഠനം നടത്തിയ ഭാഷാശാസ്ത്ര വിദഗ്ധനും സ്വയം സമർപ്പിതനായ വിദ്യാഭ്യാസ-സാമൂഹിക പ്രവർത്തകനുമാണ് അദ്ദേഹം. അംബേദ്കറൈറ്റ് എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഹാനി ജാതിവിരുദ്ധ പോരാട്ടത്തിനും സാമൂഹിക നീതിക്കുമായാണ് ജീവിതവും പ്രവർത്തനങ്ങളും നീക്കിവെച്ചത്.
ഭീമ കൊറേഗാവ് കേസിൽ 16 പേരാണ് ജയിലിലടക്കപ്പെട്ടത്. മലയാളിയായ റോണ വിൽസൺ, ഹാനി ബാബു, സുരേന്ദ്ര ഗാഡ്ലിങ്, ഷോമ സെൻ, സുധീർ ധാവലെ, മഹേഷ് റൗത്, സുധ ഭരദ്വാജ്, വരവര റാവു, ആനന്ദ് തെൽതുംബ്ഡെ തുടങ്ങി രാജ്യത്തെ പ്രമുഖ ചിന്തകരും എഴുത്തുകാരും ആക്ടിവിസ്റ്റുകളുമാണ് തടവിലടക്കപ്പെട്ടത്
