തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത ആനന്ദിൻ്റെ അമ്മ അന്തരിച്ചു;

തിരുവനന്തപുരം: ആത്മഹത്യ ചെയ്ത ബിജെപി ആർഎസ്എസ് പ്രവർത്തകനുമായ ആനന്ദ് കെ. തമ്പിയുടെ അമ്മ ശാന്ത ടീച്ചർ (77) അന്തരിച്ചു. കടുത്ത പനി ബാധിച്ച് പാങ്ങോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. മകന്റെ മരണത്തിനു ശേഷമുള്ള മാനസിക ആഘാതവും വിഷാദവുമാണ് ആരോഗ്യനില തകരാൻ പ്രധാന കാരണം എന്നാണ് കുടുംബത്തിന്റെ വിലയിരുത്തൽ.
തൃക്കണ്ണാപ്പുരത്ത് കോർപ്പറേഷനിലെ സ്ഥാനാർത്ഥിത്ത്വം നിഷേധിച്ച സംഭവത്തിന് പിന്നാലെയാണ് നവംബർ 15ന് ആനന്ദ് ആത്മഹത്യ ചെയ്തത്. സീറ്റ് നിഷേധിച്ചതിലുള്ള തീവ്ര വേദനയാണ് മരണത്തിന് കാരണമെന്ന ബന്ധുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പൂജപ്പുര പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. സഹോദരി ഭർത്താവിന്റെ മൊഴിയിലൂടെയാണ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തത്. ആനന്ദിന് കുടുംബപ്രശ്നങ്ങളോ വ്യക്തിപരമായ മറ്റ് ബുദ്ധിമുട്ടുകളോ ഉണ്ടായിരുന്നില്ലെന്നും സ്ഥാനാർത്ഥിത്വ നിഷേധവുമൂലം വലിയ ദുഃഖത്തിലായിരുന്നുവെന്നും മൊഴിയിൽ വ്യക്തമാക്കിയിരുന്നു.
ആനന്ദ് സുഹൃത്തുക്കൾക്ക് അയച്ച വാട്ട്സ്ആപ്പ് സന്ദേശത്തിന്റെ ഉള്ളടക്കം പരിശോധിച്ച് പൊലീസ് സുഹൃത്തുക്കളിൽ നിന്നുമുള്ള മൊഴികളും ശേഖരിച്ചിരുന്നു. സംഭവശേഷം ബിജെപിയെ നേരെ വലിയ വിമർശനവും രാഷ്ട്രീയപരമായ ചർച്ചകളും ഉയർന്നിരുന്നു.
മകന്റെ നഷ്ടവേദനയിൽ നിന്ന് മുക്തിയുണ്ടാകാതെ ശാന്ത ടീച്ചറുടെയും പിരിഞ്ഞുപോക്ക് കുടുംബത്തെ വീണ്ടും ആഴത്തിലുള്ള ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

