Image default
news

നടിയെ ആക്രമിച്ച കേസ്: ദിലീപ് കുറ്റവിമുക്തൻ; പൾസർ സുനി അടക്കം ആറു പ്രതികൾ കുറ്റക്കാർ; ശിക്ഷ 12 ന്

0:00

നടിയെ ആക്രമിച്ച കേസ്: ദിലീപ് കുറ്റവിമുക്തൻ; പൾസർ സുനി അടക്കം ആറു പ്രതികൾ കുറ്റക്കാർ; ശിക്ഷ 12 ന്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിനെ വെറുതെ വിട്ടു. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയടക്കമുള്ള ആറുപ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ദിലീപിനെ വെറുതെവിട്ടുകൊണ്ടുള്ള വിധി പ്രസ്താവിച്ചത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനിയടക്കം ആറു പ്രതികൾക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്. ഇവയെല്ലാം തെളിഞ്ഞു. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിന്‍റെ മുഖ്യ ആസൂത്രകൻ എന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന എട്ടാം പ്രതിയായ ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജ‍ഡ്ജി ഹണി എം വർഗീസാണ് ആറു വർഷം നീണ്ട വിചാരണ പൂർത്തിയാക്കി കേസിൽ വിധി പറഞ്ഞത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആറു പ്രതികളടക്കം പത്തുപേരാണ് വിചാരണ നേരിട്ടത്. ആക്രമിക്കപ്പെട്ട നടിയോടുളള വ്യക്തിവിരോധത്തെത്തുടർന്ന് ബലാത്സംഗത്തിന് ക്വട്ടേഷൻ കൊടുത്തുവെന്നാണ് ദിലീപിനെതിരായ കേസ്. എന്നാൽ, തന്നെ കേസിൽപെടുത്തിയാണെന്നും പ്രോസിക്യുഷൻ കെട്ടിച്ചമച്ച തെളിവുകളാണ് കോടതിയിൽ എത്തിയതെന്നുമായിരുന്നു ദിലീപിന്‍റെ വാദം.
രാജ്യം ഉറ്റുനോക്കുന്ന നടിയെ ആക്രമിച്ച കേസിലാണിപ്പോള്‍ അന്തിമ വിധി വന്നിരിക്കുന്നത്.

കേസിലെ വിചാരണക്കിടെ 28 സാക്ഷികളാണ് കേസില്‍ കൂറുമാറിയത്. 2017 ഫെബ്രുവരിയിലാണ് കൊച്ചിയിൽ വെച്ച് ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ നടി ക്രൂരമായി ആക്രമിക്കപ്പെടുന്നത്. കേസിൽ നേരത്തെ ജയിലിലായിരുന്ന ദിലീപും പള്‍സര്‍ സുനിയുമടക്കമുള്ള പ്രതികള്‍ ജാമ്യത്തിൽ പുറത്തിറങ്ങുകയായിരുന്നു. 2017 ജൂലൈ പത്തിനാണ് കേസിൽ നടൻ ദിലീപ് പിടിയിലാകുന്നത്. 2017 ഒക്ടോബറിൽ 85 ദിവസത്തിനുശേഷമാണ് ദിലീപിന് ജാമ്യം ലഭിക്കുന്നത്. 2017 ഫെബ്രുവരിയിൽ അറസ്റ്റിലായ ഒന്നാം പ്രതി പള്‍സര്‍ സുനി കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് സുപ്രീം കോടതിയിൽ നിന്ന് ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്നത്. 2019ലാണ് കേസിലെ വിചാരണ നടപടികളാരംഭിക്കുന്നത്. 261 സാക്ഷികളെയാണ് വിസ്തരിച്ചത്. 1700 രേഖകളാണ് കോടതി പരിഗണിച്ചത്. കേസിലെ മൂന്നു പ്രതികളെ മാപ്പു സാക്ഷികളാക്കി. പൊലീസ് ഉദ്യോസ്ഥനായ അനീഷ്, വിപിൻ ലാൽ, വിഷ്ണു എന്നിവരെയാണ് മാപ്പു സാക്ഷികളാക്കിയത്. കേസിലെ രണ്ടു പ്രതികളായ അഭിഭാഷകൻ രാജു ജോസപ്, അഭിഭാഷകൻ പ്രതീഷ് ചാക്കോ എന്നിവരെ ജില്ലാ കോടതി വിട്ടയച്ചിരുന്നു.

2012 മുതൽ തന്നെ നടൻ ദിലീപിന് തന്നോട് വിരോധമുണ്ടായിരുന്നെന്നാണ് ആക്രമിക്കപ്പെട്ട നടി തന്നെ വിചാരണക്കിടെ കോടതിയെ അറിയിച്ചത്. 2012 മുതൽ ദിലീപിന് തന്നോട് വിരോധമുണ്ടായിരുന്നെന്നും കാവ്യാ മാധവനുമായുളള ബന്ധം മഞ്ജു വാര്യരോട് പറഞ്ഞതാണ് വിരോധത്തിന് കാരണമെന്നും നടി കോടതിയിൽ മൊഴി നൽകിയിരുന്നു. തനിക്കെതിരെ നിന്നവരൊന്നും മലയാള സിനിമയിൽ എങ്ങുമെത്തിയിട്ടില്ലെന്ന് ദിലീപ് പറഞ്ഞുവെന്നും മൊഴിയുണ്ട്. ഇതിനിടെ തന്നെ അറിയില്ലെന്ന ദിലീപിന്‍റെ നിലപാട് തളളി ഒന്നാം പ്രതി പൾസർ സുനിയും വിചാരണയിൽ രംഗത്തെത്തിയരുന്നു. തങ്ങൾക്കിരുവ‍ർക്കും പരസ്പരം അറിയാമെന്നായിരുന്നു പൾസർ സുനിയുടെ നിലപാട് . നടിയെ ബലാൽസംഗം ചെയ്ത് ദൃശ്യങ്ങൾ പകർത്താൻ പൾസർ സുനിയും സംഘവും മുന്‍പും ശ്രമിച്ചിരുന്നതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. 2017 ജനുവരി 03ന് ഗോവയിൽ വെച്ച് കൃത്യം നടത്താനായിരുന്നു ആലോചന. എന്നാൽ, ഷൂട്ടിങ് നേരത്തെ പൂ‍ർത്തിയാക്കി നടി മടങ്ങിയതിനാൽ കൃത്യം നടന്നില്ല. തുടര്‍ന്നാണ് പിന്നീട് കൊച്ചിയിൽ വെച്ച് ആക്രമിച്ചത്.

Related post

ചിത്രപ്രിയയുടെ മരണത്തിൽ സുഹൃത്തായ അലന്റെ(21) അറസ്റ്റ്; കൊലപാതകത്തിൽ കൂടുതൽ ആളുകൾക്കുള്ള പങ്ക് പരിശോധിക്കുന്നു

Time to time News

വെറും വയറ്റിൽ നെല്ലിക്ക കഴിച്ചു നോക്കൂ; ആരോഗ്യത്തിന് മൂന്ന് പ്രധാന ഗുണങ്ങൾ

Time to time News

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നാളെ വോട്ട് ചെയ്യാനായി പാലക്കാട് എത്തും

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."