യുവതിയെ കാറിൽ തട്ടിക്കൊണ്ടുപോയി ബലമായി മദ്യം നൽകി പീഡനം; രണ്ട് ഓട്ടോറിക്ഷ ഡ്രൈവർമാർ അറസ്റ്റിൽ

കാസർകോട്: യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ബലമായി മദ്യം നല്‍കിയശേഷം കൂട്ടപ്പീഡനത്തിനിരയാക്കിയ സംഭവത്തില്‍ രണ്ട് ഓട്ടോറിക്ഷ ഡ്രൈവർമാരെ ചിറ്റാരിക്കാല്‍ പൊലീസ് അറസ്റ്റ് ചെയ്തു.
പി. പ്രവീണ്‍ എന്ന ധനേഷ് (36), എം.കെ. രാഹുല്‍ (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ ഹോസ്ദുർഗ് കോടതിയില്‍ ഹാജരാക്കിയശേഷം റിമാൻഡ് ചെയ്തു.
യുവതിയെ കൊണ്ടുപോകാൻ ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ധനേഷിനെ കാറിനുള്ളില്‍ നിന്ന് ഭീമനടി ടൗണില്‍ വെച്ചാണ് പൊലീസ് പിടികൂടിയത്. ചിറ്റാരിക്കാല്‍ സിഐ എ അനില്‍ കുമാറിൻ്റെ നേതൃത്വത്തിലായിരുന്നു പ്രതികളെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം വൈകിട്ട് ഏകദേശം 5.45-ഓടെയാണ് കേസിനാസ്പദമായ സംഭവം. ഭീമനടിയിലെ വീട്ടിലേക്ക് പോകുന്നതിനായി വാഹനം കാത്തുനിന്നിരുന്ന 29 കാരിയായ യുവതിയെ, ‘ലിഫ്റ്റ് നല്‍കാമെന്നു’ പറഞ്ഞ് ധനേഷ് കാറില്‍ കയറ്റുകയായിരുന്നു.
എന്നാല്‍, യുവതിക്ക് ഇറങ്ങേണ്ട സ്ഥലത്ത് ഇറക്കാതെ കാർ വരക്കാട്-അമ്ബാടി ബസാർ ഭാഗത്തേക്ക് തിരിച്ചുവിട്ടു. അവിടെ വെച്ച് കാറിനുള്ളില്‍ നിന്ന് ബലമായി മദ്യം കുടിപ്പിച്ചശേഷം ധനേഷ് യുവതിയെ പീഡിപ്പിച്ചുവെന്ന് പരാതിയില്‍ പറയുന്നു
ഈ സമയത്ത്, ധനേഷ് ഫോണ്‍ വിളിച്ച് രാഹുലിനെ സ്ഥലത്ത് വരുത്തുകയായിരുന്നു. തുടർന്ന്, രണ്ട് പേരും ചേർന്ന് വീണ്ടും മാറി മാറി പീഡിപ്പിച്ചുവെന്നാണ് യുവതി നല്‍കിയ മൊഴി. യുവതി ബഹളം വെച്ചതിനെ തുടർന്ന് പ്രതികള്‍ രാത്രി ഏഴ് മണിയോടെ മാങ്ങോട് റോഡില്‍ യുവതിയെ ഇറക്കിവിട്ട് രക്ഷപ്പെടുകയായിരുന്നു.
യുവതി വീട്ടിലെത്തി ബന്ധുക്കളോട് വിവരങ്ങള്‍ അറിയിച്ചതിനെ തുടർന്ന്, കുടുംബം യുവതിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ വെച്ച് നടത്തിയ മെഡിക്കല്‍ പരിശോധനയ്ക്കും മൊഴിയെടുക്കലിനും ശേഷം ചിറ്റാരിക്കാല്‍ പൊലീസ് കേസ് എടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ട് ഓട്ടോറിക്ഷ ഡ്രൈവർമാരെയും കാറും കസ്റ്റഡിയിലെടുത്തത്.
