കാസർകോട് ഉപ്പള സോങ്കാലില്‍ 25 വയസ്സുള്ള യുവതിയെ ഭർതൃവീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
കാസർകോട്: ഉപ്പള സോങ്കാലില്‍ 25 വയസ്സുള്ള യുവതിയെ ഭർതൃവീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
ഉപ്പള കൊടങ്കൈ റോഡില്‍ താമസിക്കുന്ന മൊയ്തീൻ സവാദിൻ്റെ ഭാര്യ ഫാത്തിമത്ത് നസ്ബീന (25)യാണ് മരിച്ചത്. യുവതിയുടെ മരണം പ്രദേശവാസികളെയും കുടുംബാംഗങ്ങളെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. സംഭവത്തില്‍ മഞ്ചേശ്വരം പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സംഭവം നടന്നത് വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30-നാണ്. നസ്ബീന തൻ്റെ മൂന്ന് മാസം മാത്രം പ്രായമുള്ള കുഞ്ഞിനൊപ്പമാണ് കിടപ്പുമുറിയില്‍ ഉണ്ടായിരുന്നത്. വോട്ട് ചെയ്യുന്നതിനായി വിളിക്കാൻ എത്തിയ കുടുംബാംഗങ്ങള്‍ മുറിയില്‍ നിന്ന് പ്രതികരണമൊന്നും ലഭിക്കാത്തതിനെ തുടർന്ന് വാതില്‍ തുറന്ന് അകത്ത് കടന്നപ്പോഴാണ് ജനല്‍ ഗ്രില്ലില്‍ തൂങ്ങിയ നിലയില്‍ യുവതിയെ കണ്ടെത്തിയത്.
ഉടൻ തന്നെ നാട്ടുകാരുടെ സഹായത്തോടെ യുവതിയെ മംഗളൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരം ലഭിച്ചതിനെ തുടർന്ന് മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും തുടർ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.
വിഷാദ രോഗമാണ് യുവതിയുടെ മരണത്തിന് പിന്നിലെന്നാണ് പ്രാഥമിക വിലയിരുത്തല്‍ എന്നും മറ്റ് ദുരൂഹതകളൊന്നും ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. മുംബൈയില്‍ ഗ്രോസറി കട നടത്തുകയാണ് ഭർത്താവ് സവാദ്. മണ്ണങ്കുഴി സ്വദേശിനിയായ നസ്ബീനയെ രണ്ട് വർഷം മുമ്ബാണ് വിവാഹം കഴിച്ചത്. രണ്ട് ദിവസം മുമ്ബ് ഭർത്താവുമൊത്ത് വിനോദ സഞ്ചാര കേന്ദ്രങ്ങളിലെല്ലാം പോയി വന്നതാണ്. യുവതിക്ക് യാതൊരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്ന് കുടുംബാംഗങ്ങള്‍ പോലീസിന് മൊഴി നല്‍കി.
ആർ ഡി ഒയുടെ സാന്നിധ്യത്തില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം കാസർകോട് ജനറല്‍ ആശുപത്രിയില്‍ വെച്ച് മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

