പാലക്കാട്ട് നഗരസഭയിൽ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷി, എൽഡിഎഫ്-യുഡിഎഫ് കൈകോര്‍ത്താല്‍ ഭരണം നഷ്ടമായേക്കും
പാലക്കാട്: നഗരസഭയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി. കൂടുതല്‍ സീറ്റുകള്‍ നേടിയെങ്കിലും ഭരണം തുലാസിലാണ്. ഒറ്റയ്ക്ക് ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ എല്‍ഡിഎഫും യുഡിഎഫും സ്വതന്ത്രരും കൈകോര്‍ത്താല്‍ ബിജെപിക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം തികയില്ല. അല്ലാത്തപക്ഷം പാലക്കാട് നഗരസഭയില്‍ ബിജെപി ഹാട്രിക് അടിക്കും.
53 വാര്‍ഡുകളാണ് പാലക്കാട് നഗരസഭയിലുള്ളത്. ബിജെപി 25 വാര്‍ഡുകളിലും യുഡിഎഫ് 17 വാര്‍ഡുകളിലും എല്‍ഡിഎഫ് 8 വാര്‍ഡുകളിലും വിജയിച്ചു. 3 സ്വതന്ത്രരും വിജയിച്ചു. ഇതില്‍ 2 പേര്‍ എല്‍ഡിഎഫ് സ്വതന്ത്രരാണ്. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ യുഡിഎഫ് വലിയ ലീഡ് പിടിച്ചിരുന്നെങ്കിലും അവസാനഘട്ടത്തോടെ ബിജെപി സീറ്റ് നിലയില്‍ മുന്നിലെത്തുകയായിരുന്നു
കേരളത്തില്‍ ബിജെപി ആദ്യമായി ഭരണത്തിലേറിയ നഗരസഭയാണ് പാലക്കാട്. 2015ലെ തിരഞ്ഞെടുപ്പില്‍ ബിജെപി 15 സീറ്റുകള്‍ നേടിയപ്പോള്‍ 2020ലെ തിരഞ്ഞെടുപ്പില്‍ 28 സീറ്റുകളാണ് സ്വന്തമാക്കിയത്. ശക്തമായ മത്സരമാണ് ഇത്തവണ നടന്നത്. ബിജെപിക്ക് സീറ്റ് നില വര്‍ധിപ്പിക്കാനായില്ല. യുഡിഎഫും എല്‍ഡിഎഫും ഒരു സീറ്റ് അധികം നേടി. വെല്‍ഫെയര്‍ പാര്‍ട്ടിക്ക് ആകെയുണ്ടായിരുന്ന ഒരു സീറ്റ് നഷ്ടപ്പെട്ടു.
2020 ലെ തിരഞ്ഞെടുപ്പില്‍ ബിജെപി 28, യുഡിഎഫ് 16, എല്‍ഡിഎഫ് 7, വെല്‍ഫെയര്‍ പാര്‍ട്ടി 1 എന്നിങ്ങനെയായിരുന്നു സീറ്റുനില.ക ഴിഞ്ഞ തവണ വെല്‍ഫെയര്‍ പാര്‍ട്ടി വിജയിച്ച വെണ്ണക്കര സൗത്തില്‍ ഇത്തവണ യുഡിഎഫ് സ്ഥാനാര്‍ഥിയാണ് വിജയിച്ചത്. വെല്‍ഫെയര്‍ സ്ഥാനാര്‍ഥി രണ്ടാം സ്ഥാനത്താണ്.
പാലക്കാട് നഗരസഭ പത്താം വാര്‍ഡില്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പി സ്മിതേഷ് വിജയിച്ചു. കോണ്‍ഗ്രസിലെ ഭവദാസാണ് രണ്ടാം സ്ഥാനത്ത്. ബിജെപി സംസ്ഥാന ട്രഷറര്‍ ഇ കൃഷ്ണദാസ് പട്ടിക്കര വാര്‍ഡില്‍വിജയിച്ചു. നിലവിലെ വൈസ് ചെയര്‍മാന്‍ കൂടിയാണ് അദ്ദേഹം.
പാര്‍ട്ടിക്കുള്ളിലെ അസ്വാരസ്യങ്ങള്‍ ഇത്തവണ ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുമെന്ന ആശങ്ക നിലനിന്നിരുന്നു. നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ സി. കൃഷ്ണകുമാറിനെ സ്ഥാനാര്‍ഥിയാക്കിയപ്പോള്‍ മുതലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാതെയാണ് പാര്‍ട്ടി തിരഞ്ഞെടുപ്പിനെ നേരിട്ടത്. സി. കൃഷ്ണകുമാറിനുണ്ടായ തോല്‍വിയും നഗരസഭാ പ്രദേശത്തെ വോട്ടുചോര്‍ച്ചയും പാര്‍ട്ടിക്കകത്ത് വലിയ ചര്‍ച്ചകള്‍ക്കും ഭിന്നിപ്പുകള്‍ക്കും വഴിവെച്ചിരുന്നു. ബിജെപി ബഹിഷ്‌കരിച്ച രാഹുല്‍മാങ്കൂട്ടത്തില്‍ എംഎല്‍എയോടൊപ്പം, പൊതുചടങ്ങില്‍ നിലവിലെ നഗരസഭാധ്യക്ഷ പ്രമീള ശശിധരന്‍ പങ്കെടുത്തതിനെ ത്തുടര്‍ന്നുണ്ടായ പൊട്ടിത്തെറികളും പാര്‍ട്ടിയില്‍ നിലനിന്നിരുന്നു.

