യുഡിഎഫ് തരംഗത്തിനിടയിലും എസ്ഡിപിഐ മുന്നേറ്റമുണ്ടാക്കിസിപിഎ ലത്തീഫ് :102 ജനപ്രതിനിധികളാണ് ഇത്തവണ എസ്ഡിപിഐക്കുള്ളത്
കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തുണ്ടായ യുഡിഎഫ് തരംഗത്തിനിടയിലും ഒരു മുന്നണികളുടേയും സഹായമില്ലാതെ എസ്ഡിപിഐ ഒറ്റയ്ക്ക് നിന്ന് മുന്നേറ്റം ഉണ്ടാക്കിയതായി സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ്. എസ്ഡിപിഐ വിജയപ്രതീക്ഷ വച്ചുപുലര്‍ത്തിയ നിരവധി വാര്‍ഡുകളില്‍ ബിജെപിയെ പോലും കൂട്ടുപിടിച്ച് ഇടതുവലതു മുന്നണികള്‍ പാര്‍ട്ടിയുടെ വിജയത്തിനെതിരേ പ്രവര്‍ത്തിച്ചു. എസ്ഡിപിഐക്ക് സാധ്യതയുള്ള വാര്‍ഡുകളിലും സിറ്റിങ് വാര്‍ഡുകളിലും അധികാരവും പണവും ഉപയോഗിച്ച് പാര്‍ട്ടിയെ പരാജയപ്പെടുത്താന്‍ എല്ലാ മുന്നണികളും പരമാവധി പരിശ്രമിച്ചു. നികുതി ഭാരമേല്പിച്ച ഇടതു സര്‍ക്കാരിനെതിരായ ജനവികാരം യുഡിഎഫിന് അനുകൂലമായി. ഈ തരംഗത്തിനിടയിലും നില മെച്ചപ്പെടുത്താന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സാധിച്ചു.
രണ്ട് കോര്‍പ്പറേഷനുകളിലും എട്ട് നഗരസഭകളിലും 91 ഗ്രാമപഞ്ചായത്തുകളിലും ഒരു ബ്ലോക്ക് പഞ്ചായത്തിലുമായി 102 ജനപ്രതിനിധികളാണ് ഇത്തവണ പാര്‍ട്ടിക്ക് ഉള്ളത്. മുന്നൂറിലധികം വാര്‍ഡുകളില്‍ രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനവും പാര്‍ട്ടി നേടി. അന്‍പതിലധികം വാര്‍ഡുകളില്‍ പത്തില്‍ താഴെ വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. 100നും 200നും ഇടയില്‍ വോട്ടു നേടിയ ആയിരത്തിലധികം വാര്‍ഡുകളുണ്ട്. അഞ്ചിലധികം പഞ്ചായത്തുകളില്‍ നിര്‍ണായക ശക്തിയായി. നിരവധി പഞ്ചായത്തുകളിലും നഗരസഭകളിലും കണ്ണൂര്‍ കോര്‍പ്പറേഷനിലും അക്കൗണ്ട് തുറന്നു. ഏതു കൊടുങ്കാറ്റിലും തളരാത്ത ജനസ്വീകാര്യത പാര്‍ട്ടിക്കുണ്ട് എന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്. ജനങ്ങള്‍ തിരഞ്ഞെടുത്ത വാര്‍ഡുകളില്‍ അഴിമതിയും വിവേചനവുമില്ലാതെ പാര്‍ട്ടിയുടെ ജനപ്രതിനിധികള്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

