പാലക്കാട് നഗരസഭ: പത്ത് വർഷത്തെ അഴിമതി ഭരണത്തിനും ഫാസിസ്റ്റ് ഭരണകൂടത്തിനുമെതിരേ ഒന്നിക്കണം എസ്ഡിപിഐ
പാലക്കാട് നഗരസഭയിൽ കഴിഞ്ഞ പത്ത് വർഷമായി തുടരുന്ന ബിജെപിയുടെ അഴിമതി ഭരണത്തിനും ഫാസിസ്റ്റ് ഭരണകൂടത്തിനുമെതിരായ ജനാധിപത്യ പോരാട്ടത്തിന് നിലവിൽ രൂപപ്പെട്ടിരിക്കുന്ന തൂക്കുസഭ വലിയ അവസരമാണെന്ന് എസ്ഡിപിഐ പാലക്കാട് ജില്ലാ കമ്മിറ്റി അംഗം മുഹമ്മദ് ഇല്യാസ് പ്രസ്താവനയിൽ പറഞ്ഞു.
പത്ത് വർഷത്തെ ബിജെപി ഭരണകാലത്ത് പാലക്കാട് നഗരത്തിന് പറയത്തക്ക ഒരു വികസന പദ്ധതിയും നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല. നഗരത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ തകർച്ചയുടെ വക്കിലാണ്. ജനങ്ങൾക്ക് മാന്യമായി സഞ്ചരിക്കാൻ പോലും സാധിക്കാത്ത തരത്തിൽ റോഡുകൾ കുഴികളാൽ നിറഞ്ഞിരിക്കുകയാണ്. മഴക്കാലമാകുമ്പോൾ നഗരത്തിലെ പ്രധാന റോഡുകൾ പോലും അപകടമേഖലകളായി മാറുന്നു.
നഗരസഭയുടെ നിയന്ത്രണത്തിലുള്ള നിരവധി സർക്കാർ കെട്ടിടങ്ങൾ ഇന്ന് കാലപ്പഴക്കം മൂലം അപകടാവസ്ഥയിലാണെങ്കിലും അവ പൊളിച്ച് പുനർനിർമ്മിക്കാൻ പോലും ഭരണകൂടം തയ്യാറായിട്ടില്ല. പൊതുജന സേവന കേന്ദ്രങ്ങൾ, ഓഫിസുകൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ ശോചനീയാവസ്ഥ പത്ത് വർഷത്തെ അഴിമതി ഭരണത്തിന്റെ നേർക്കാഴ്ചയാണ്. വികസനം പൂർണമായും മുരടിച്ച നഗരസഭയായി പാലക്കാട് മാറിയിരിക്കുന്നു.
ഈ ഭരണപരാജയത്തിന്റെ തുടർച്ചയായാണ് ബിജെപിയുടെ ഫാസിസ്റ്റ് ഭരണകൂടം നഗരസഭയിൽ അധികാരം പിടിച്ചുനിന്നത്. എന്നാൽ ഇത്തവണ കേവലഭൂരിപക്ഷം പോലും നേടാൻ ബിജെപിക്ക് സാധിക്കാത്തത് ജനങ്ങൾ അഴിമതിയെയും ഫാസിസ്റ്റ് രാഷ്ട്രീയത്തെയും തുറന്നുവെച്ച് തള്ളിക്കളഞ്ഞതിന്റെ വ്യക്തമായ തെളിവാണെന്ന് മുഹമ്മദ് ഇല്യാസ് പറഞ്ഞു.
ഇത്തരമൊരു സാഹചര്യത്തിൽ ഫാസിസ്റ്റ് വിരുദ്ധരെന്ന് അവകാശപ്പെടുന്ന എല്ലാ രാഷ്ട്രീയ മുന്നണികളും വാക്കുകളിൽ ഒതുങ്ങാതെ പ്രവർത്തിയിൽ കൂടി ഒന്നിക്കണം. സ്വതന്ത്ര അംഗത്തെയും മതേതര നിലപാടുള്ള ശക്തികളെയും ചേർത്ത് ബിജെപിയുടെ അഴിമതി ഭരണവും ഫാസിസ്റ്റ് ഭരണകൂടവും നഗരസഭയിൽ നിന്ന് പുറത്താക്കാൻ എൽഡിഎഫും യുഡിഎഫും സത്യസന്ധമായ തീരുമാനമെടുക്കണം.
പാലക്കാട് നഗരസഭയിൽ നിന്ന് ജനവിരുദ്ധ ഭരണത്തെ പുറത്താക്കുന്ന ഏത് ജനാധിപത്യ നീക്കത്തിനും എസ്ഡിപിഐ ശക്തമായ പിന്തുണ നൽകുമെന്നും, യഥാർത്ഥ വികസനവും ജനക്ഷേമവും മുൻനിർത്തിയ പുതിയ ഭരണമാണ് ഇനി രൂപപ്പെടേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

