പൊലീസ് ഉദ്യോഗസ്ഥൻ ഓടിച്ച കാർ ഇടിച്ചു തെറിപ്പിച്ചത് 3 വാഹനങ്ങൾ, പരിക്കേറ്റവർ ആശുപത്രിയിൽ, മദ്യലഹരിയിലെന്ന് നാട്ടുകാർ

മലപ്പുറം: മദ്യലഹരിയിൽ പാണ്ടിക്കാട് സ്റ്റേഷനിലെ സിവിൽ പൊലിസ് ഓഫീസർ (CPO) ഓടിച്ച കാർ അപകടത്തിൽപ്പെട്ടു. മൂന്ന് വാഹനങ്ങളിൽ ഇടിച്ചാണ് കാർ നിന്നത്. സംഭവത്തിൽ പാണ്ടിക്കാട് സ്റ്റേഷനിലെ സി.പി.ഒ വി. രജീഷിനെ പൊലിസ് കസ്റ്റഡിയിൽ എടുത്തു. അപകടത്തിൽ പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
പാണ്ടിക്കാട് വെച്ചാണ് അപകടം നടന്നത്. പാണ്ടിക്കാട് സ്റ്റേഷനിലെ സിപിഒ വി. രജീഷാണ് കാർ ഓടിച്ചിരുന്നത്. ഇയാൾ മദ്യലഹരിയിലായിരുന്നെന്ന് നാട്ടുകാർ ആരോപിക്കുന്നു. നിയന്ത്രണം വിട്ട കാർ ഒരു കാറിലും രണ്ട് ഇരുചക്രവാഹനങ്ങളിലുമായാണ് ഇടിച്ചു നിന്നത്. ഇടിയുടെ ആഘാതത്തിൽ മൂന്ന് വാഹനങ്ങൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചു. പരുക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ പരുക്ക് ഗുരുതരമല്ലെന്നാണ് സൂചന.
പൊലിസ് ഉദ്യോഗസ്ഥൻ മദ്യലഹരിയിലാണ് വാഹനമോടിച്ചതെന്നും, ഇദ്ദേഹത്തിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. സംഭവം പ്രദേശത്ത് വലിയ പ്രതിഷേധത്തിന് ഇടയാക്കി. തുടർന്ന്, പൊലിസ് ഉദ്യോഗസ്ഥനായ വി. രജീഷിനെ അധികൃതർ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണ്.

