എൽഡിഎഫ് സ്ഥാനാർഥിയെ കൊല്ലാൻ ശ്രമം; അഞ്ച് ബിജെപി പ്രവർത്തകർ അറസ്റ്റിൽ

ആലപ്പുഴ:മങ്കൊമ്പ്
എൽഡിഎഫ് ആലപ്പുഴ ജില്ലാ പഞ്ചായത്ത് സ്ഥാനാർഥിയെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ അഞ്ച് ബിജെപി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. വെളിയനാട് ഡിവിഷനിലെ എൽഡിഎഫ് സ്ഥാനാർഥിയായ കെ.ആർ. രാംജിത്തിനെ ആക്രമിച്ച കേസിലാണ് കിഴക്കേ ചേന്നങ്കരി നിതീഷ് ഭവനത്തിൽ നിതീഷ് കുമാർ (35), തെക്കേ കിഴുകയിൽ വീട്ടിൽ സുനീഷ് കുമാർ (46), പരുത്തിപ്പറമ്പിൽ എസ്. അഭിജിത്ത് (26), വാതപ്പള്ളിൽ വീട്ടിൽ ഋഷികേശ് എസ്. നായർ (26), രോഹിണി വീട്ടിൽ ഇ.ടി. സനൂജ് (35) എന്നിവരെ അറസ്റ്റ് ചെയ്തത്.
സിപിഐഎം കുട്ടനാട് ഏരിയ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ രാംജിത്തിനെ തിങ്കളാഴ്ച രാത്രി 9.15 ഓടെ കിഴക്കേ ചേന്നങ്കരിയിലായിരുന്നു ആക്രമണം. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടിയ ബിജെപി പ്രവർത്തകർ നടത്തിയ വിജയാഹ്ലാദ പ്രകടനത്തിനിടെയാണ് സംഭവം.
വിജയാഘോഷത്തിന്റെ ഭാഗമായി സിപിഐഎം പ്രവർത്തകരെ വെല്ലുവിളിച്ചും കൊലവിളി മുദ്രാവാക്യങ്ങൾ വിളിച്ചും സംഘർഷം സൃഷ്ടിക്കാൻ ബിജെപി പ്രവർത്തകർ ശ്രമിച്ചുവെന്നാണ് ആരോപണം. എന്നാൽ സിപിഐഎം പ്രവർത്തകർ സംയമനം പാലിച്ചു. ഇതേസമയം, 10-ാം വാർഡിലെ ബിജെപി സ്ഥാനാർഥിയുടെ വിജയാഹ്ലാദ പ്രകടനത്തിനിടെ പരാജയപ്പെട്ട എൽഡിഎഫ് സ്ഥാനാർഥി ഗിരിജ കെ. മേനോന്റെ വീടിന് നേരെ സ്‌ഫോടകവസ്തു എറിഞ്ഞതായും പരാതി ഉയർന്നു.
തുടർന്ന്, പഞ്ചായത്ത് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ട ആർ. വിനയചന്ദ്രൻ, ആദിൽ രവി, രാകേഷ് പണിക്കർ എന്നിവരുടെ നേതൃത്വത്തിൽ പ്രതികൾ ഗിരിജയുടെ വീട്ടിൽ കയറി അസഭ്യം പറയുകയും ആക്രമണത്തിന് ശ്രമിക്കുകയും ചെയ്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ രാംജിത്തിനെയും ഡിവൈഎഫ്ഐ കുട്ടനാട് ഏരിയ പ്രസിഡന്റ് എ.ആർ. രഞ്ജിത്തിനെയും പ്രതികൾ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.
ദണ്ഡുകൊണ്ട് തലയ്ക്കടിയേറ്റ രാംജിത്തിനെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ നീലംപേരൂർ പഞ്ചായത്ത് 18-ാം വാർഡ് അംഗം നാരകത്ര പല്ലാട്ട് ആർ. വിനയചന്ദ്രൻ, 11-ാം വാർഡ് അംഗം നാരകത്ര കുമാരപള്ളിൽ രാകേഷ് പണിക്കർ, ഒമ്പതാം വാർഡ് അംഗം പരുത്തിപ്പറമ്പിൽ ആദിൽ രവി, ബിജെപി പ്രവർത്തകൻ ഗോപൻ ജി. പണിക്കർ എന്നിവർ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.

