കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ ഭാര്യ ആത്മഹത്യ ചെയ്തു

തിരുനെൽവേലി:
കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ ഭാര്യ ആത്മഹത്യ ചെയ്തു. തെങ്കാശി സ്വദേശിനി ജോസ്ബിൻ (35) ആണ് മരിച്ചത്. തെങ്കാശിയിലെ കടയത്തുമലയുടെ ഇടുക്കിൽ വീണ് ബാലമുരുകനെ കുറിച്ച് വിവരമൊന്നും ലഭിക്കാതിരുന്നതിനെ തുടർന്ന് എട്ടാം തീയതി ഭാര്യയും മക്കളും ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.
തിരുനെൽവേലി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഭാര്യ ചികിത്സയിലിരിക്കെ മരിച്ചു. രണ്ട് മക്കൾ ചികിത്സയിൽ തുടരുകയാണ്. കടയത്തുമലയിൽ നിന്ന് ബാലമുരുകൻ രക്ഷപ്പെട്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
അതേസമയം, തിരുനെൽവേലി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന ഭാര്യയുടെ മൃതദേഹം ഇതുവരെ ബന്ധുക്കൾ ഏറ്റുവാങ്ങിയിട്ടില്ല. മൃതദേഹം ഏറ്റുവാങ്ങാൻ ബാലമുരുകൻ ആശുപത്രിയിൽ എത്താൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ, ഇയാളെ പിടികൂടാൻ തമിഴ്നാട് പോലീസ് ആശുപത്രിയിൽ കാത്തുനിൽക്കുകയാണ്.
കൂടാതെ, ബാലമുരുകൻ മാസങ്ങൾക്ക് മുൻപ് കേരളത്തിലെ തൃശൂർ വിയ്യൂർ പ്രദേശത്ത് വെച്ച് തമിഴ്നാട് പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടതാണ് അന്ന് ഇയാളെ പിടികൂടാനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ പോലിസ് ഗൗരവത്തോടെ പരിശോധിക്കുന്നത്.

