പ്രതികളിൽ നിന്ന് കൈക്കൂലി; ജയിൽ ഡി.ഐ.ജിയുടെ അക്കൗണ്ടുകളിൽ ഒരുമാസം 75 ലക്ഷം ജയിലുകളിൽ ആഴമേറിയ അഴിമതി പുറത്തേക്ക്

തിരുവനന്തപുരം:
കേരള ജയിൽ വകുപ്പിലെ അഴിമതിയുടെ ആഴം വെളിപ്പെടുത്തുന്നതാണ് ജയിൽ ആസ്ഥാന ഡി.ഐ.ജി എം.കെ. വിനോദ് കുമാറിനെതിരായ വിജിലൻസ് കേസ്. രാഷ്ട്രീയ കൊലപാതക കേസുകളിലെ പ്രതികളിൽ നിന്നും മയക്കുമരുന്ന് കേസുകളിലെ തടവുകാരിൽ നിന്നും കൈക്കൂലി വാങ്ങിയെന്ന ഗുരുതര കണ്ടെത്തലുകളാണ് അന്വേഷണത്തിൽ പുറത്തുവന്നിരിക്കുന്നത്.
ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രധാന പ്രതികളായ കൊടി സുനി, അണ്ണൻ സിജിത്ത് എന്നിവരടക്കം നിരവധി തടവുകാരിൽ നിന്നാണ് ഡി.ഐ.ജി കൈക്കൂലി വാങ്ങിയതെന്ന് വിജിലൻസ് കണ്ടെത്തി. ശമ്പളത്തിന് പുറമേ, ഒരുമാസത്തിനിടെ വിനോദ് കുമാറിന്റെ ബാങ്ക് അക്കൗണ്ടിൽ 35 ലക്ഷം രൂപയും ഭാര്യയുടെ അക്കൗണ്ടിൽ 40 ലക്ഷം രൂപയും നിക്ഷേപമായതായി അന്വേഷണ സംഘം സ്ഥിരീകരിച്ചു. ഗൂഗിൾ പേ വഴിയും ഇടനിലക്കാരൻ വഴിയുമാണ് പണം കൈമാറിയതെന്ന് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു.
വിഴിയൂർ സെൻട്രൽ ജയിലിലെ വിരമിച്ച ഉദ്യോഗസ്ഥനാണ് ഇടനിലക്കാരൻ. ഇയാളുടേയും ഒരു ജയിൽ സൂപ്രണ്ടിന്റേയും മൊഴികൾ വിജിലൻസ് രേഖപ്പെടുത്തി. വിരമിക്കാൻ നാല് മാസം മാത്രം ശേഷിക്കെയാണ് വിനോദ് കുമാറിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
രാഷ്ട്രീയ കൊലപാതക കേസുകളിലെ പ്രതികൾക്കും മറ്റു കേസുകളിലെ തടവുകാർക്കും അനുകൂല റിപ്പോർട്ടുകൾ തയ്യാറാക്കി പരോൾ അനുവദിച്ചതായും ഗുരുതര ആരോപണമുണ്ട്. ടി.പി. കേസ് പ്രതികൾക്ക് ജയിലിൽ സുഖസൗകര്യങ്ങൾ ഒരുക്കുന്നതിനായി പണം കൈപ്പറ്റിയതായാണ് കണ്ടെത്തൽ. കൊടി സുനിയുടെ ക്വട്ടേഷൻ സംഘവുമായി ബന്ധപ്പെട്ട നിർണായക തെളിവുകൾ നശിപ്പിക്കാൻ വിനോദ് കുമാർ കൂട്ടുനിന്നുവെന്ന വിവരങ്ങളും അന്വേഷണത്തിൽ പുറത്തുവരുന്നുണ്ട്.
ഇതോടൊപ്പം, ജയിൽ വകുപ്പിൽ വ്യാപകമായ അഴിമതികൾ നടക്കുന്നുവെന്ന ആരോപണങ്ങളും വീണ്ടും ശക്തമാകുകയാണ്. തടവുകാർക്ക് നൽകേണ്ട ഭക്ഷണ റേഷനിൽ പോലും വെട്ടിപ്പ് നടക്കുന്നതായി ആരോപണമുണ്ട്. ഓരോ തടവുകാരനും നൽകേണ്ട ഭക്ഷണത്തിന്റെ കൃത്യമായ കണക്കുണ്ടെങ്കിലും അതു പാലിക്കപ്പെടുന്നില്ലെന്നാണ് പരാതി. വീട്ടിൽ നിന്ന് കൊറിയർ വഴിയും ഇന്റർവ്യൂ സമയത്തും നൽകുന്ന സാധനങ്ങൾ പലപ്പോഴും തടവുകാർക്ക് മുഴുവൻ ലഭിക്കുന്നില്ലെന്നും ആരോപിക്കുന്നു.
വിയ്യൂർ സെൻട്രൽ ജയിലിൽ തടവുകാരനെ തൃശൂർ മെഡിക്കൽ കോളേജ് ഡോക്ടർ നിർദേശിച്ച ഹോർലിക്സ് രണ്ട് ബോട്ടിൽ കൊറിയർ വഴി അയച്ചിട്ടും തടവുകാരന് നൽകാതിരുന്ന സംഭവവും പരാതിയായി ഉയർന്നിട്ടുണ്ട്. തടവുകാർക്ക് നൽകേണ്ട മരുന്നുകൾ പോലും കൃത്യമായി വിതരണം ചെയ്യുന്നില്ലെന്ന ആരോപണവും നിലനിൽക്കുന്നു.
ജയിൽ വകുപ്പിലെ നിയമലംഘനങ്ങളും ആശങ്കാജനകമാണ്. മൂന്നു വർഷത്തിലധികം ഒരേ ജയിലിൽ ഡോക്ടറെ നിയമിക്കരുതെന്ന ചട്ടം നിലനിൽക്കേ, വിയ്യൂർ സെൻട്രൽ ജയിലിൽ 15 വർഷത്തോളമായി ഒരേ ഡോക്ടർ തുടരുന്നതായാണ് വിവരം. അഞ്ചു വർഷത്തിലേറെയായി ‘ഫാർമസി സിസ്റ്റം’ പ്രവർത്തിക്കുന്നതിലും അഴിമതി നടക്കുന്നതായി ആരോപണമുണ്ട്. പൊതുമരാമത്ത് പണികളുടെ പേരിലും വ്യാപകമായ ക്രമക്കേടുകൾ ഉണ്ടെന്ന പരാതികളും ശക്തമാണ്.
ജയിലുകളിൽ നടക്കുന്ന അഴിമതികൾ സമഗ്രമായി അന്വേഷിക്കണമെന്നും, ഭക്ഷണം, മരുന്ന്, മരാമത്ത് പണി, പരോൾ, സൗകര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട മുഴുവൻ ഇടപാടുകളും വിജിലൻസ് അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്നും മനുഷ്യാവകാശ പ്രവർത്തകർ ആവശ്യപ്പെട്ടു.
ജയിൽ ഡി.ഐ.ജിക്കെതിരായ കേസ് കേരള ജയിൽ സംവിധാനത്തെ തന്നെ ചോദ്യം ചെയ്യുന്ന ഘട്ടത്തിലേക്കാണ് എത്തിച്ചിരിക്കുന്നത്. സർക്കാരിന്റെ അടിയന്തര ഇടപെടലും സ്വതന്ത്രമായ സമഗ്ര അന്വേഷണവും അനിവാര്യമാണെന്ന ആവശ്യം ശക്തമാകുകയാണ്.

