ജയിലുകളിൽ വൻ അഴിമതി; ജയിൽ ഡിജിപി ബൽറാം കുമാർ ഉപാധ്യായ വഴിവിട്ട ഇടപാടുകൾ നടത്തി: മുൻ ഡിഐജി പി. അജയകുമാറിന്റെ ഗുരുതര വെളിപ്പെടുത്തൽ

തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളെ നടുക്കുന്ന ഗുരുതര അഴിമതി ആരോപണങ്ങളുമായി മുൻ ജയിൽ ഡിഐജി പി. അജയകുമാർ. തടവുകാരിൽനിന്ന് കൈക്കൂലി വാങ്ങിയ കേസിൽ സസ്പെൻഡ് ചെയ്യപ്പെട്ട ഐജി എം.കെ. വിനോദ് കുമാറുമായി ജയിൽ മേധാവിയും ജയിൽ ഡിജിപിയുമായ ബൽറാം കുമാർ ഉപാധ്യായക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും, വിനോദ് കുമാറിന്റെ അഴിമതിയിൽ ജയിൽ മേധാവിക്കും നേരിട്ടുള്ള പങ്കുണ്ടെന്നുമാണ് അജയകുമാറിന്റെ ആരോപണം.
എം.കെ. വിനോദ് കുമാറിന്റെ വഴിവിട്ട പ്രവർത്തനങ്ങൾക്ക് ജയിൽ ഡിജിപിയായ ബൽറാം കുമാർ ഉപാധ്യായ പിന്തുണ നൽകിയെന്നും, നിയമവിരുദ്ധ ഇടപാടുകൾക്ക് കൂട്ടുനിന്നെന്നും അജയകുമാർ ആരോപിച്ചു. വിനോദ് കുമാറിനെതിരെ താൻ പരാതി നൽകിയതിനു പിന്നാലെ ബൽറാം കുമാർ ഉപാധ്യായ തന്നോടു വ്യക്തിവൈരാഗ്യത്തോടെ പെരുമാറിയതായും മുൻ ഡിഐജി വ്യക്തമാക്കി.
തടവുകാരിൽ നിന്ന് ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയെന്ന വിജിലൻസ് കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ എം.കെ. വിനോദ് കുമാറിനെ സസ്പെൻഡ് ചെയ്തതിനു പിന്നാലെയാണ് മുൻ ഡിഐജിയുടെ ഈ ഗുരുതര വെളിപ്പെടുത്തൽ. ജയിലുകളിൽ നടക്കുന്ന അഴിമതികളെക്കുറിച്ച് ഉന്നതതലത്തിൽ തന്നെ അറിവുണ്ടായിരുന്നുവെന്ന സൂചനകളാണ് ആരോപണങ്ങൾ നൽകുന്നത്.
ടിപി കേസ് പ്രതികൾക്ക് പരോൾ; റിപ്പോർട്ടുകൾ അട്ടിമറിച്ചു
ടിപി കേസ് പ്രതികൾക്ക് പരോൾ അനുവദിച്ചതിന് പിന്നിലും എം.കെ. വിനോദ് കുമാർ–ബൽറാം കുമാർ ഉപാധ്യായ കൂട്ടുകെട്ടാണെന്ന് അജയകുമാർ ആരോപിച്ചു. ജയിൽ സൂപ്രണ്ട്, പൊലീസ് തുടങ്ങിയവരുടെ നെഗറ്റീവ് റിപ്പോർട്ടുകൾ പോലും അട്ടിമറിച്ചാണ് പരോൾ അനുവദിച്ചതെന്നാണ് ആരോപണം.
വിയ്യൂർ ജയിലിൽ കലാപമുണ്ടാക്കൽ അടക്കമുള്ള ഗുരുതര കുറ്റങ്ങളിൽ ഉൾപ്പെട്ടിട്ടും കൊടിസുനിക്ക് പരോൾ അനുവദിക്കപ്പെട്ടതും ഇതേ വഴിവിട്ട ഇടപാടുകളുടെ ഭാഗമാണെന്നും മുൻ ഡിഐജി ചൂണ്ടിക്കാട്ടി.
രാഷ്ട്രീയ പാർട്ടിക്ക് വഴിവിട്ട സഹായങ്ങൾ
ജയിൽ ഡിജിപിയായ ബൽറാം കുമാർ ഉപാധ്യായ, പ്രത്യേക രാഷ്ട്രീയ പാർട്ടിക്ക് അനുകൂലമായി വഴിവിട്ട സഹായങ്ങൾ നൽകിയെന്നും, നിയമങ്ങളും ചട്ടങ്ങളും മറികടന്ന് തീരുമാനങ്ങൾ കൈക്കൊണ്ടതായും ജയിലിലെ അധികാര വിനിയോഗം രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടി ദുരുപയോഗം ചെയ്തുവെന്നാണ് ആരോപണത്തിന്റെ സാരാംശം.
സംസ്ഥാനത്തെ ജയിൽ ഭരണ സംവിധാനത്തിന്റെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യുന്നതാണ് മുൻ ഡിഐജിയുടെ വെളിപ്പെടുത്തലുകൾ. വിഷയത്തിൽ സ്വതന്ത്രവും സമഗ്രവുമായ അന്വേഷണം അനിവാര്യമാണെന്ന ആവശ്യവും ശക്തമാകുകയാണ്.

