അസ്വാഭാവികതയുണ്ട്; അധികം പുറത്തിറങ്ങാത്ത കുട്ടി കുളത്തിലെത്തിയത് എങ്ങനെ?’ – തീരാനോവായി സുഹാൻ

പാലക്കാട്: ഒരുദിവസം നീണ്ടുനിന്ന തിരച്ചിലിനും പ്രാർഥനകൾക്കുമൊടുവിൽ ചിറ്റൂരിൽ നിന്ന് കാണാതായ ആറുവയസുകാരൻ സുഹാന്റെ മൃതദേഹം ഇന്ന് രാവിലെ ഒൻപത് മണിയോടെ സമീപത്തെ ഒരു കുളത്തിൽ നിന്ന് കണ്ടെത്തി. വീടിന് അധികം അകലെയല്ലാത്ത കുളത്തിൽ നിന്നാണ് അഗ്നിരക്ഷാസേന മൃതദേഹം കണ്ടെത്തിയത്.
അതേസമയം, സുഹാൻ എങ്ങനെ കുളത്തിനടക്കൽ എത്തിയെന്നതാണ് നാട്ടുകാരെയും ബന്ധുക്കളെയും ഒരുപോലെ കുഴക്കുന്ന ചോദ്യം. കുട്ടി അധികം പുറത്തിറങ്ങാറില്ലായിരുന്നുവെന്ന് പ്രദേശത്തെ ആശാ വർക്കർ പറഞ്ഞു. എന്നാൽ, രണ്ട് ദിവസം മുൻപ് ബന്ധുക്കളായ മറ്റ് കുട്ടികളോടൊപ്പം സമീപത്തെ പാർക്കിലേക്ക് സുഹാൻ എത്തിയിരുന്നുവെന്നും അവർ വ്യക്തമാക്കി.
സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ചിറ്റൂർ–തത്തമംഗലം നഗരസഭ ചെയർമാൻ സുമേഷ് അച്യുതൻ പറഞ്ഞു. “കുട്ടി കുളത്തിനടുത്തേക്ക് എങ്ങനെയെത്തി, എങ്ങനെയാണ് കുളത്തിൽ വീണത് എന്നതടക്കം വിശദമായി പരിശോധിക്കേണ്ടതുണ്ട്. മൃതദേഹം കണ്ടെത്തിയ കുളം റോഡിനോട് ചേർന്നതല്ല. കുട്ടി സ്വമേധയാ അങ്ങോട്ട് പോകാൻ സാധ്യത കുറവാണ്” എന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തുമെന്നും ചെയർമാൻ അറിയിച്ചു.
അമ്പാട്ടുപ്പാളയം എരുംങ്കോട് സ്വദേശികളായ മുഹമ്മദ് അനസ് – താഹിറ ദമ്പതികളുടെ മകനായ സുഹാനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെ സഹോദരനുമായി പിണങ്ങിയ ശേഷം വീട്ടിൽ നിന്നിറങ്ങിയ കുട്ടിയെ കാണാതാവുകയായിരുന്നു. തുടർന്ന് വീടിനുസമീപമുള്ള കുളങ്ങളിലും പാടശേഖരങ്ങളിലും വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
സുഹാനിന് കേൾവിയിലും സംസാരശേഷിയിലും ചില ബുദ്ധിമുട്ടുകളുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ചിറ്റൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മരണകാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ വ്യക്തമാകൂ.
ഈ ദാരുണ സംഭവത്തിൽ പ്രദേശമാകെ തീരാനോവാണ് നിലനിൽക്കുന്നത്.


