പ്രാര്‍ത്ഥനകള്‍ വിഫലം, വേദനയായി സുഹാന്‍; കാണാതായ ആറ് വയസുകാരന്‍റെ മൃതദേഹം കണ്ടെത്തി

പാലക്കാട്: പാലക്കാട് ചിറ്റൂർ അമ്പാട്ടുപ്പാളയം എരുംങ്കോട് സ്വദേശികളായ മുഹമ്മദ് അനസ് – താഹിറ ദമ്പതികളുടെ ആറ് വയസുകാരനായ മകൻ സുഹാനെ ശനിയാഴ്ച മുതൽ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. 21 മണിക്കൂറോളം നീണ്ടുനിന്ന വ്യാപകമായ തെരച്ചിലിനുശേഷമാണ് സമീപത്തെ ഒരു കുളത്തിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.
ശനിയാഴ്ച വീട്ടിൽ നിന്നിറങ്ങിയ ശേഷം സുഹാനെ കാണാതായതോടെയാണ് നാട്ടുകാരും പൊലീസും അഗ്നിരക്ഷാസേനയും ചേർന്ന് തിരച്ചിൽ ആരംഭിച്ചത്. പ്രദേശത്തെ കുളങ്ങളും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
സംഭവ സ്ഥലത്തെത്തിയ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ചിറ്റൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചു. മരണകാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം വ്യക്തമാകുമെന്ന് പൊലീസ് വ്യക്തമാക്കി.
ഈ ദാരുണ സംഭവത്തിൽ പ്രദേശത്ത് കടുത്ത ദുഃഖവും ഞെട്ടലുമാണ് നിലനിൽക്കുന്നത്.


