കേരളത്തിന്റെ കണ്ണ് നനയിച്ച് 4 കുരുന്നുകൾ. ഒരേദിനം പൊലിഞ്ഞത് നാടിന്റെ പ്രതീക്ഷകൾ…
BYഹാദിയ ഫാത്തിമ

പാലക്കാട്: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരേ ദിവസമുണ്ടായ നാല് കുട്ടികളുടെ മരണവാർത്തകൾ കേരളത്തെ കണ്ണീർവാരിയാക്കി. പാലക്കാട്, പത്തനംതിട്ട, മലപ്പുറം, കാസർകോട് ജില്ലകളിലായി പിഞ്ചുകുഞ്ഞുങ്ങളടക്കം നാല് വിദ്യാർത്ഥികൾ വിവിധ അപകടങ്ങളിൽ ജീവൻ നഷ്ടപ്പെടുത്തി. നാടിന്റെ പ്രതീക്ഷകളായ കുരുന്നുകളുടെ അകാലവിയോഗം സമൂഹമനസാക്ഷിയെ നടുക്കുകയാണ്.
പാലക്കാട്:
ചിറ്റൂർ അമ്പാട്ടുപ്പാളയം സ്വദേശികളായ മുഹമ്മദ് അനസ്–താഹിത ദമ്പതികളുടെ മകൻ സുഹാൻ (6) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ സഹോദരനോട് പിണങ്ങി വീടിന് പുറത്തേക്ക് പോയ കുട്ടിയെ പിന്നീട് കാണാതാകുകയായിരുന്നു. 21 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ വീടിന് അര കിലോമീറ്റർ അകലെയുള്ള കുളത്തിൽ മൃതദേഹം കണ്ടെത്തി.
പത്തനംതിട്ട:
ഇലന്തൂർ ഇടപ്പരിയാരത്ത് സൈക്കിൾ നിയന്ത്രണം വിട്ട് ഗേറ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥി മരിച്ചു. വാസുദേവ വിലാസത്തിൽ ബിജോയുടെ മകൻ ഭവന്ദ് (14) ആണ് മരിച്ചത്. കുത്തനെയുള്ള ഇറക്കം ഇറങ്ങുന്നതിനിടെ സൈക്കിളിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണം. ഓമല്ലൂർ ആര്യ ഭാരതി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ഭവന്ദ്.
മലപ്പുറം:
ചെട്ടിപ്പടിയിൽ ട്രെയിൻ തട്ടി അമിൻഷ ഹാശിം (11) മരിച്ചു. പരപ്പനങ്ങാടി സ്വദേശി ഫൈസലിന്റെ മകനായ അമിൻഷ, ബന്ധുവീട്ടിൽ പോയ ശേഷം കൂട്ടുകാർക്കൊപ്പം മടങ്ങുന്നതിനിടെ പാളം മുറിച്ചുകടക്കുമ്പോഴാണ് അപകടം സംഭവിച്ചത്. വള്ളിക്കുന്ന് ബോർഡ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്.
കാസർകോട്:
എരിയാൽ ബ്ലാർക്കോട് സ്വദേശികളായ ഇക്ബാൽ–നുസൈബ ദമ്പതികളുടെ മകൻ മുഹമ്മദ് സ്വാലിഹ് (2) വീടിന് സമീപത്തെ കിണറ്റിൽ വീണ് മരിച്ചു. ശനിയാഴ്ച കളിക്കുന്നതിനിടെ അബദ്ധത്തിൽ കാൽ വഴുതി കിണറ്റിൽ വീണ കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുരുന്നുകളുടെ ജീവൻ തുടർച്ചയായി പൊലിയുന്ന സാഹചര്യത്തിൽ, ജലാശയങ്ങൾക്കും റെയിൽവേ പാളങ്ങൾക്കും സമീപം താമസിക്കുന്നവരും സൈക്കിൾ ഉപയോഗിക്കുന്ന കുട്ടികളുടെ രക്ഷിതാക്കളും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഒരു നിമിഷത്തെ അശ്രദ്ധ വലിയ ദുരന്തങ്ങളിലേക്ക് നയിക്കുമെന്നത് വീണ്ടും ഓർമിപ്പിക്കുകയാണ് ഈ ദുരന്തങ്ങൾ.

