Image default
Uncategorized

മൗനാനുവാദം നൽകി ഗൂഢാലോചനയിൽ പങ്കാളിയായി;ആചാര ലംഘനത്തിന് കൂട്ടുനിന്നുവെന്ന് എസ്.ഐ.ടിമുൻ തന്ത്രി കണ്ഠര് രാജീവർ റിമാൻഡിൽ – റിപ്പോർട്ട് പുറത്ത്

0:00

മൗനാനുവാദം നൽകി ഗൂഢാലോചനയിൽ പങ്കാളിയായി;
ആചാര ലംഘനത്തിന് കൂട്ടുനിന്നുവെന്ന് എസ്.ഐ.ടി
മുൻ തന്ത്രി കണ്ഠര് രാജീവർ റിമാൻഡിൽ – റിപ്പോർട്ട് പുറത്ത്

കൊല്ലം: ശബരിമല സ്വർണകവർച്ച കേസിൽ അറസ്റ്റിലായ മുൻ തന്ത്രി ചെങ്ങന്നൂർ മുണ്ടൻകാവ് താഴമൺ മഠത്തിലെ കണ്ഠര് രാജീവർ (66) റിമാൻഡിൽ. ശബരിമലയിൽ നിന്ന് സ്വർണം പതിച്ച പാളികൾ ക്ഷേത്രത്തിന് പുറത്തേക്ക് കൊണ്ടുപോകാൻ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് മൗനാനുവാദം നൽകി ഗൂഢാലോചനയിൽ പങ്കാളിയായതായാണ് എസ്‌.ഐ‌.ടി സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. ആചാരപരമായ കാര്യങ്ങളിൽ അന്തിമ തീരുമാനാധികാരം വഹിക്കുന്ന തന്ത്രി ആചാര ലംഘനത്തിന് കൂട്ടുനിന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കേസിലെ 13-ാം പ്രതിയായ തന്ത്രിയെ കൊല്ലം വിജിലൻസ് കോടതി ജഡ്ജി ഡോ. സി. എസ്. മോഹിത് 23 വരെ റിമാൻഡ് ചെയ്തു. തുടർന്ന് അദ്ദേഹത്തെ തിരുവനന്തപുരം സ്പെഷ്യൽ ജയിലിലേക്ക് മാറ്റി. തന്ത്രിയുടെ ജാമ്യാപേക്ഷ 13ന് പരിഗണിക്കും.
ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കൽ, പൊതുസ്വത്ത് അപഹരിക്കൽ, ദുരുപയോഗം ചെയ്യൽ എന്നീ കുറ്റങ്ങളോടൊപ്പം അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങളും തന്ത്രിക്കെതിരെ ചുമത്തിയിട്ടുണ്ട്.
2019 മെയ് 18ന് തിരുവാഭരണം കമ്മീഷണറായിരുന്ന കെ. എസ്. ബൈജുവിന്റെ നേതൃത്വത്തിൽ കട്ടിളപാളികളും അനുബന്ധ പ്രഭാമണ്ഡല പാളികളും ഇളക്കി ക്ഷേത്രത്തിന് പുറത്തേക്ക് കൊണ്ടുപോകാൻ ഒത്താശ ചെയ്തുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. 1998–99 കാലഘട്ടത്തിൽ ശ്രീകോവിലിൽ സ്വർണം പൂശിയ പ്രവൃത്തി നടന്നപ്പോൾ തന്ത്രി സ്ഥാനം വഹിച്ചിരുന്നത് കണ്ഠര് രാജീവർ ആയതിനാൽ പാളികളിൽ സ്വർണം പതിച്ചിട്ടുണ്ടെന്ന കാര്യം അദ്ദേഹത്തിന് അറിവുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
വിലപിടിപ്പുള്ള വസ്തുക്കൾ ക്ഷേത്രപരിധിക്ക് പുറത്തേക്ക് കൊണ്ടുപോകാൻ പാടില്ലെന്നും അറ്റകുറ്റപ്പണികൾ സന്നിധാനത്ത് വെച്ച് തന്നെ നടത്തണമെന്നുമുള്ള ചട്ടങ്ങൾ ലംഘിച്ചുവെന്നും, ദേവന്റെ അനുജ്ഞ വാങ്ങാതെയും ആവശ്യമായ താന്ത്രിക നടപടികൾ പാലിക്കാതെയുമാണ് പാളികൾ കൈമാറിയതെന്നും എസ്‌.ഐ‌.ടി വ്യക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട വിവരം ദേവസ്വം ബോർഡിനെ അറിയിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇതോടെ ശബരിമല സ്വർണകവർച്ച കേസിൽ അറസ്റ്റിലായവരുടെ എണ്ണം 11 ആയി. ഉണ്ണികൃഷ്ണൻ പോറ്റിക്ക് സന്നിധാനത്തും ദേവസ്വം ഉദ്യോഗസ്ഥർക്കിടയിലും സ്വാധീനം ഉറപ്പിക്കാൻ തന്ത്രിയുടെ പിന്തുണ ലഭിച്ചിരുന്നുവെന്ന മൊഴികളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

Related post

സ്വര്‍ണ്ണക്കൊള്ള കേസിലെ പ്രതി മുരാരി ബാബു അന്തരിച്ചു

Time to time News

കാണാതായ എഎസ്ഐ ഗുരുവായൂരിലെ ലോഡ്ജിൽ മരിച്ച നിലയിൽ

Time to time News

സബ് ജയിലില്‍ അഭിഭാഷകയുടെ രാത്രി സന്ദര്‍ശനം; ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ക്ക് സസ്പെൻഷൻ

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."