വിമാനാപകടം; മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു

മുംബൈ:
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. ബാരാമതിയിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. വിമാനം പൂർണമായും കത്തി നശിച്ചതായാണ് റിപ്പോർട്ട്. പൈലറ്റ് അടക്കം ആറുപേരാണ് വിമാനത്തിലുണ്ടായിരുന്നത്. ആറുപേരും മരണപ്പെട്ടതായി വിവരം ലഭിച്ചിട്ടുണ്ട്.
ഇന്ന് രാവിലെ 8.45ഓടെയാണ് അപകടം നടന്നത്. രാവിലെ 8 മണിക്ക് മുംബൈയിൽ നിന്ന് പുറപ്പെട്ട വിമാനമാണ് അപകടത്തിൽപ്പെട്ടത്. രാഷ്ട്രീയ യോഗങ്ങളിൽ പങ്കെടുക്കുന്നതിനായാണ് അജിത് പവാർ ബാരാമതിയിലേക്ക് യാത്ര ചെയ്തിരുന്നത്.
ലാൻഡിംഗ് ഘട്ടത്തിലാണ് വിമാനം അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. സംഭവത്തെക്കുറിച്ച് ബന്ധപ്പെട്ട ഏജൻസികൾ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
വിമാനത്തിലുണ്ടായിരുന്ന മറ്റ് യാത്രക്കാരുടെ വിശദാംശങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. അപകടത്തിന് പിന്നാലെ അഗ്നിശമന സേനയും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു.

