പാലക്കാട് നഗരമധ്യത്തിൽ സ്ത്രീയുടെ പ്രതിഷേധം; ഗതാഗതം തടസ്സപ്പെട്ടു

പാലക്കാട്:
പാലക്കാട് നഗരമധ്യത്തിലെ ഐ.എം.എ ജംഗ്ഷനിൽ ഒരു സ്ത്രീ നടുറോഡിൽ നിസ്‌കരിച്ച് പ്രതിഷേധം നടത്തിയ സംഭവം തിങ്കളാഴ്ച ഉച്ചയോടെ നഗരത്തിൽ ശ്രദ്ധേയമായി. ഉച്ചയ്ക്ക് 12.30 ഓടെയുണ്ടായ സംഭവത്തെ തുടർന്ന് പ്രദേശത്ത് കുറച്ചുസമയം ഗതാഗതം തടസ്സപ്പെടുകയും യാത്രക്കാർക്ക് ബുദ്ധിമുട്ട് നേരിടുകയും ചെയ്തു.
പ്രചരിക്കുന്ന ദൃശ്യങ്ങളിലുള്ളത് കോയമ്പത്തൂർ സ്വദേശിനിയായ അനീസ എന്ന സ്ത്രീയാണെന്നാണ് ലഭിക്കുന്ന വിവരം. പാലക്കാട് കൊല്ലങ്കോട് പ്രദേശത്തെ കുടുംബ സ്വത്തുമായി ബന്ധപ്പെട്ട് ബന്ധുക്കളുമായി ഇവർക്ക് ദീർഘകാലമായി തർക്കം നിലനിൽക്കുന്നുണ്ടെന്നും, ഇതിൽ തനിക്ക് നീതി ലഭിച്ചില്ലെന്ന പരാതിയുടെ പശ്ചാത്തലത്തിലാണ് പ്രതിഷേധത്തിലേക്ക് നീങ്ങിയത് എന്നും പറയപ്പെടുന്നു.
സംഭവസ്ഥലത്ത് സ്ത്രീ വസ്തു സംബന്ധമായ വിഷയങ്ങൾ ഉച്ചത്തിൽ പറയുന്നതും ബഹളം വെക്കുന്നതും ദൃശ്യങ്ങളിൽ കാണുന്നുണ്ട്. തിരക്കേറിയ ജംഗ്ഷനിൽ പ്രതിഷേധം നടന്നതോടെ വാഹന ഗതാഗതം മന്ദഗതിയിലാവുകയും സ്ഥലത്ത് ആശയക്കുഴപ്പം ഉണ്ടാകുകയും ചെയ്തു.
വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി സ്ത്രീയെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. സംഭവത്തിന്റെ പശ്ചാത്തലവും സ്ത്രീയുടെ ആരോഗ്യസ്ഥിതിയും ഉൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണെന്ന് അറിയുന്നു.
ഇതിനിടെ, സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വിവിധ വ്യാഖ്യാനങ്ങൾ ഉയർന്നിട്ടുണ്ട്. എന്നാൽ, ലഭ്യമായ വിവരങ്ങൾ പ്രകാരം ഇത് മതപരമായോ വർഗീയമായോ വിഷയമല്ലെന്നും, വസ്തു സംബന്ധമായ വ്യക്തിപരമായ തർക്കവുമായി ബന്ധപ്പെട്ട പ്രതിഷേധം മാത്രമാണിതെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നതായി പറയുന്നു.
സംഭവത്തിൽ ഇതുവരെ വിശദമായ ഔദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല

