ഇടതു-വലത് മുന്നണികളുടെ ബി.ജെ.പി വിരുദ്ധത കാപട്യം: എസ്‌ഡിപിഐ പാലക്കാട് നിയോജകമണ്ഡലം പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു

പാലക്കാട്: എസ്‌ഡിപിഐ പാലക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തക കൺവെൻഷൻ പേഴുങ്കര എം.എ. ഹാളിൽ സംഘടിപ്പിച്ചു. എസ്‌ഡിപിഐ ജില്ലാ കമ്മിറ്റി അംഗം ബാബു അമ്പലപ്പാറ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.
മുഖ്യധാരാ മുന്നണികളായ ഇടതു-വലത് വിഭാഗങ്ങൾ പ്രകടിപ്പിക്കുന്ന ബി.ജെ.പി വിരുദ്ധത വെറും കാപട്യമാണെന്ന് അദ്ദേഹം തന്റെ പ്രസംഗത്തിൽ ആരോപിച്ചു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ പലയിടങ്ങളിലും ബി.ജെ.പിയെ അധികാരത്തിലേറ്റാൻ ഈ മുന്നണികൾ ഒത്താശ ചെയ്തത് ഇതിന് തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുൻനിർത്തി പാർട്ടി ശക്തമായ രാഷ്ട്രീയ ഇടപെടലിന് തയ്യാറെടുക്കുകയാണെന്നും, എസ്‌ഡിപിഐയെ അവഗണിച്ച് ഒരു മുന്നണിക്കും മുന്നോട്ടുപോകാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പാലക്കാട് നിയോജകമണ്ഡലത്തിൽ ബൂത്ത് തലം മുതൽ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി ജനകീയ വിഷയങ്ങൾ ഉയർത്തിപ്പിടിച്ച് തിരഞ്ഞെടുപ്പിനെ നേരിടാൻ പ്രവർത്തകർ സജ്ജരാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ഒ എച്ച്. . ഖലീൽ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി അബ്ദുൽ ഖാദർ സ്വാഗതം പറഞ്ഞു
പഞ്ചായത്ത്–വാർഡ് തലങ്ങളിലെ പ്രവർത്തന പദ്ധതികൾ ചർച്ച ചെയ്ത് അന്തിമരൂപം നൽകുന്നതിനായാണ് കൺവെൻഷൻ സംഘടിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
മണ്ഡലം വൈസ് പ്രസിഡന്റുമാരായ റഫീഖ് പുതുപ്പള്ളി തെരുവ്, അഷറഫ് എന്നിവർ കൺവെൻഷനിൽ സംസാരിച്ചു.
നിയോജകമണ്ഡലത്തിൽ പാർട്ടിയുടെ രാഷ്ട്രീയ സാന്നിധ്യം കൂടുതൽ ശക്തമാക്കാനും, തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിതമായി മുന്നോട്ട് കൊണ്ടുപോകാനും കൺവെൻഷൻ പ്രവർത്തകരോട് ആഹ്വാനം ചെയ്തു.

