AIBI Campus Ad
Image default
Uncategorized

ഇന്ത്യയില്‍ മുസ് ലിംകള്‍ സുരക്ഷിതരാണെന്ന കാന്തപുരത്തിന്റെ പ്രസ്താവന ഭരണകൂടത്തെ തൃപ്തിപ്പെടുത്താന്‍: പി അബ്ദുല്‍ ഹമീദ്

0:00

ഇന്ത്യയില്‍ മുസ് ലിംകള്‍ സുരക്ഷിതരാണെന്ന കാന്തപുരത്തിന്റെ പ്രസ്താവന ഭരണകൂടത്തെ തൃപ്തിപ്പെടുത്താന്‍: പി അബ്ദുല്‍ ഹമീദ്

തിരുവനന്തപുരം: ഇന്ത്യയില്‍ മുസ് ലിംകള്‍ സുരക്ഷിതരാണെന്ന കാന്തപുരം എ പി അബൂബക്കര്‍ മുസലിയാരുടെ പ്രസ്താവന ബിജെപി ഭരണകൂടത്തെ തൃപ്തിപ്പെടുത്താനുള്ള ഹീനമായ ശ്രമത്തിന്റെ ഭാഗമാണെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്. രാജ്യത്തെ യഥാര്‍ഥ സാമൂഹിക, രാഷ്ട്രീയ സാഹചര്യം കണ്ടില്ലെന്ന് നടിക്കുന്ന കാന്തപുരത്തിന്റെ പ്രസ്താവന അങ്ങേയറ്റം പ്രതിഷേധാര്‍ഹവും വസ്തുതാ വിരുദ്ധവുമാണ്. സിഎഎ, മുത്വലാഖ്, വഖഫ് ഭേദഗതി നിയമം, വന്ദേമാതരം ആലപിക്കണമെന്ന ഉത്തരവ്, ഭരണഘടനാവിരുദ്ധമായ ഉത്തരവുകള്‍, ബുള്‍ഡോസര്‍ രാജ്, തല്ലിക്കൊലകള്‍, യുപിയിലും അസമിലും തുടരുന്ന മദ്രസകളും ആരാധനാലയങ്ങളും തകര്‍ക്കലും കൈയേറ്റവും, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിലവില്‍ വന്ന മതപരിവര്‍ത്തന നിരോധന നിയമം, ഗോവധ നിരോധന നിയമം തുടങ്ങി നിരവധി ഉദാഹരണങ്ങള്‍ വെച്ചു പരിശോധിക്കുകയാണെങ്കില്‍ കാന്തപുരം നടത്തിയ പ്രസ്താവന വസ്തുതാ വിരുദ്ധമാണെന്നു വ്യക്തമാകും. രാജ്യത്തെ മതേതര പ്രസ്ഥാനങ്ങളും ആഗോള തലത്തിലുള്ള രാഷ്ട്രീയ-സാമൂഹിക നിരീക്ഷകരും അമേരിക്കയില്‍ തന്നെ പുറത്തുവന്ന റിപ്പോര്‍ട്ടുകളുള്‍പ്പെടെ വ്യക്തമാക്കുന്നത് ഇന്ത്യയിലെ ന്യൂനപക്ഷ സമൂഹങ്ങള്‍ അരക്ഷിതാവസ്ഥയിലും വംശീയ ഉന്മൂലനം നേരിടുന്നുവെന്നുമാണ്.

ഭരണഘടനാപരമായ അവകാശങ്ങള്‍ ലംഘിച്ചുകൊണ്ട് മുസ്ലിം വിഭാഗത്തിന്റെ വീടുകളും സ്വത്തുക്കളും തകര്‍ക്കുന്ന നടപടികള്‍ അന്താരാഷ്ട്ര തലത്തില്‍ പോലും ചര്‍ച്ചയാകുമ്പോള്‍, ആത്മീയ നേതാക്കള്‍ യാഥാര്‍ത്ഥ്യത്തിന് നേരെ കണ്ണടയ്ക്കുന്നത് നീതീകരിക്കാനാവില്ല. നിരപരാധികളായ യുവാക്കള്‍ വര്‍ഷങ്ങളോളം ജയിലിലടയ്ക്കപ്പെടുന്നതും, ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യം പോലും ചോദ്യം ചെയ്യപ്പെടുന്നതുമായ സാഹചര്യം ഇന്ന് നിലവിലുണ്ട്. ഈ യാഥാര്‍ത്ഥ്യം നിലനില്‍ക്കെ രാജ്യം സുരക്ഷിതമാണെന്ന് പറയുന്നത് ഇരകളെ പരിഹസിക്കുന്നതിന് തുല്യമാണ്. പരമത വിദ്വേഷവും വിവേചനവും ഭരണകൂട പിന്തുണയോടെ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന കാലത്ത്, സമുദായത്തെ തെറ്റായ ദിശയിലേക്ക് നയിക്കുന്ന പ്രസ്താവനയില്‍ നിന്നും കാന്തപുരം പിന്മാറണമെന്നും സമുദായത്തിന്റെ യഥാര്‍ത്ഥ ആശങ്കകള്‍ അധികാരികളെ അറിയിക്കാനാണ് അദ്ദേഹം തയ്യാറാകേണ്ടതെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു.

Related post

സംസ്ഥാനത്ത് റംസാൻ വ്രതാരംഭം വ്യാഴാഴ്ച

Time to time News

മലമ്പുഴയിൽ ആദിവാസി യുവാവിനെ മരത്തിൽ കെട്ടിയിട്ട് ക്രൂരമായി മർദിച്ചതായി പരാതി

Time to time News

തടവുകാരുടെ വേതനവർധന: സുപ്രീം കോടതിയിൽ ഹർജി

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."