മലമ്പുഴ ഡാം കണ്‍മുന്നിലുണ്ടായിട്ടും ജനങ്ങള്‍ ദാഹിച്ചു വലയുന്നത് ഭരണകൂടത്തിന്റെ ക്രൂരത: എസ്ഡിപിഐ

പാലക്കാട് :മലമ്പുഴ കൊടുംചൂടില്‍ ജില്ല ഉരുകുമ്പോഴും മലമ്പുഴ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ അനുഭവപ്പെടുന്ന രൂക്ഷമായ കുടിവെള്ള ക്ഷാമത്തില്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്ന അനാസ്ഥയ്‌ക്കെതിരേ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ എസ്ഡിപിഐ മലമ്പുഴ മണ്ഡലം പ്രസിഡന്റ് ഇല്‍യാസ് കാവല്‍പ്പാട് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ടുകളില്‍ ഒന്നായ മലമ്പുഴ അണക്കെട്ട് സ്ഥിതി ചെയ്യുന്ന മണ്ഡലത്തില്‍ പോലും ജനങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടേണ്ടി വരുന്നത് ഭരണകൂടത്തിന്റെ വികസന അവകാശവാദങ്ങളുടെ പൊള്ളത്തരമാണ് വെളിപ്പെടുത്തുന്നത്. മലമ്പുഴ പഞ്ചായത്തിലെ കവ, ആനക്കല്ല് തുടങ്ങിയ പ്രദേശങ്ങളിലും ആദിവാസി ഊരുകളിലും കുടിവെള്ളം ലഭിക്കാതെ ജനങ്ങള്‍ ദുരിതത്തിലാണ്. ജലസ്രോതസ്സുകള്‍ വറ്റിവരണ്ട സാഹചര്യത്തില്‍ പൈപ്പ് ലൈനുകള്‍ വഴിയുള്ള വിതരണം കാര്യക്ഷമമാക്കുന്നതില്‍ വാട്ടര്‍ അതോറിറ്റി പൂര്‍ണ്ണമായും പരാജയപ്പെട്ടിരിക്കുകയാണ്
മരുതറോഡ് പഞ്ചായത്ത് ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ കുടിവെള്ള വിതരണത്തില്‍ രാഷ്ട്രീയ വിവേചനം കാണിക്കുന്നതായും ആക്ഷേപമുണ്ട്. പുതുശ്ശേരി, അകത്തേത്തറ, മുണ്ടൂര്‍ പഞ്ചായത്തുകളിലെ ജനവാസ മേഖലകളില്‍ ടാങ്കര്‍ ലോറികള്‍ വഴിയുള്ള ജലവിതരണം പോലും അപര്യാപ്തമാണ്. ലക്ഷങ്ങള്‍ ചെലവഴിച്ച ജല്‍ ജീവന്‍ മിഷന്‍ പദ്ധതികള്‍ പലയിടത്തും നോക്കുകുത്തിയായി മാറിയിരിക്കുന്നു.
വേനല്‍ കടുക്കുന്ന സാഹചര്യത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണാന്‍ എംഎല്‍എയും ജില്ലാ ഭരണകൂടവും തയ്യാറാകണം. പൈപ്പ് ലൈനുകളിലെ ചോര്‍ച്ച പരിഹരിക്കാനും ഉയര്‍ന്ന പ്രദേശങ്ങളില്‍ വെള്ളമെത്തിക്കാന്‍ പ്രത്യേക പമ്പിങ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനും അധികൃതര്‍ മുന്നോട്ടുവരണമെന്നും ഇല്‍യാസ് കാവല്‍പ്പാട് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
കുടിവെള്ള പ്രശ്‌നത്തിന് അടിയന്തര പരിഹാരമായില്ലെങ്കില്‍ ജനങ്ങളെ സംഘടിപ്പിച്ചു കൊണ്ട് വാട്ടര്‍ അതോറിറ്റി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും ഉള്‍പ്പെടേയുള്ള ശക്തമായ സമരപരിപാടികള്‍ക്ക് എസ്ഡിപിഐ നേതൃത്വം നല്‍കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.


