തിരുവനന്തപുരം നഗരസഭയിൽ സബ്സിഡി തട്ടിപ്പ്: മുൻ എസ്.സി പ്രമോട്ടർ വിജിലൻസ് പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ പട്ടികജാതി വനിതകൾക്കായുള്ള സ്വയംതൊഴിൽ സംരംഭ പദ്ധതിയിലെ സബ്സിഡി തുക തട്ടിപ്പുകേസിൽ മുൻ എസ്.സി പ്രമോട്ടർ സിന്ധു.എസ് (55)നെ വിജിലൻസ് അറസ്റ്റ് ചെയ്തു. 2021–22 സാമ്പത്തിക വർഷത്തിൽ നടപ്പിലാക്കിയ പദ്ധതിയിൽ 75 ലക്ഷം രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയത്.
സംരംഭക ഗ്രൂപ്പുകൾക്ക് സബ്സിഡിയായി അനുവദിച്ച തുക വിതരണം ചെയ്തതായി വ്യാജ രേഖകൾ സൃഷ്ടിച്ച് യഥാർത്ഥ ഗുണഭോക്താക്കൾക്ക് ആനുകൂല്യം നൽകാതെ, സിന്ധുവിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ സ്ഥാപനത്തിന്റെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക മാറ്റിയാണ് തട്ടിപ്പ് നടത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി.
തിരുവനന്തപുരം മുട്ടത്തറ സ്വദേശിനിയായ സിന്ധുവിനെ വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്-I അറസ്റ്റ് ചെയ്തു. പ്രതിയെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇതിനൊപ്പം, പട്ടികജാതി വനിതകളുടെ സ്വയംതൊഴിൽ പദ്ധതിയിൽ 1.26 കോടി രൂപയുടെ ക്രമക്കേടും, ജനറൽ വിഭാഗത്തിലെ വനിതകൾക്കായുള്ള സമാന പദ്ധതികളിൽ 1.14 കോടി രൂപയും 3.57 കോടി രൂപയും തട്ടിയെടുത്തതായി ബന്ധപ്പെട്ട മറ്റ് കേസുകളിലും സിന്ധു ഉൾപ്പെട്ടിട്ടുണ്ടെന്ന് വിജിലൻസ് അറിയിച്ചു.
അഴിമതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭിക്കുന്ന പക്ഷം വിജിലൻസിന്റെ ടോൾഫ്രീ നമ്പർ 1064, ഫോൺ 8592900900, വാട്ട്സ്ആപ്പ് 9447789100 എന്നീ നമ്പറുകളിൽ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഐ.പി.എസ് അഭ്യർത്ഥിച്ചു.

