Image default
Uncategorized

മലമ്പുഴയിലെ ‘ഇമേജ്’ പ്ലാന്റിലെ അനാസ്ഥ ജനങ്ങളോടുള്ള ചതി; സർക്കാർ അടിയന്തരമായി ഇടപെടണം – എസ്.ഡി.പി.ഐ

0:00

മലമ്പുഴയിലെ ‘ഇമേജ്’ പ്ലാന്റിലെ അനാസ്ഥ ജനങ്ങളോടുള്ള ചതി; സർക്കാർ അടിയന്തരമായി ഇടപെടണം – എസ്.ഡി.പി.ഐ

​പാലക്കാട്: മലമ്പുഴ ഡാമിന് തൊട്ടടുത്ത് പ്രവർത്തിക്കുന്ന ഐ.എം.എ-യുടെ ‘ഇമേജ്’ ആശുപത്രി മാലിന്യ സംസ്കരണ കേന്ദ്രത്തിൽ ടൺ കണക്കിന് മെഡിക്കൽ അവശിഷ്ടങ്ങൾ കെട്ടിക്കിടക്കുന്നത് വൻ ആരോഗ്യ-പരിസ്ഥിതി ദുരന്തത്തിന് കാരണമാകുമെന്ന് എസ്.ഡി.പി.ഐ ജില്ലാ വൈസ് പ്രസിഡണ്ട്
ഷരീഫ് അത്താണിക്കൽ പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി.
​മനുഷ്യ ശരീരഭാഗങ്ങളും, ഉപയോഗിച്ച സിറിഞ്ചുകളും, പ്ലാസ്റ്റിക് മാലിന്യങ്ങളും അടങ്ങുന്ന മാരകമായ ബയോമെഡിക്കൽ അവശിഷ്ടങ്ങൾ ശരിയായ രീതിയിൽ സംസ്കരിക്കാതെ കുന്നുകൂട്ടിയിട്ടിരിക്കുന്നത് അധികൃതരുടെ കടുത്ത ക്രിമിനൽ അനാസ്ഥയാണ്. പ്ലാന്റിലെ ഇൻസിനറേറ്ററുകൾ തകരാറിലായിട്ടും അത് പരിഹരിക്കാൻ മാനേജ്മെന്റ് തയ്യാറാകാത്തത് ജനങ്ങളുടെ ജീവൻ വെച്ച് പന്താടുന്നതിന് തുല്യമാണ്.
​”മഴ ശക്തമാകുന്നതോടെ ഈ വിഷമാലിന്യങ്ങൾ ഒലിച്ചിറങ്ങി മലമ്പുഴ ഡാമിലേക്ക് ഒഴുകിയെത്താനുള്ള സാധ്യത വളരെ കൂടുതലാണ്. ജില്ലയിലെ ലക്ഷക്കണക്കിന് ജനങ്ങൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന പ്രധാന സ്രോതസ്സാണിത്. ഈ കുടിവെള്ളത്തിൽ മാരകമായ രാസ-ജൈവ മാലിന്യങ്ങൾ കലർന്നാൽ ഉണ്ടാകാൻ പോകുന്ന പകർച്ചവ്യാധികൾക്കും ആരോഗ്യ അടിയന്തരാവസ്ഥയ്ക്കും ആര് മറുപടി പറയും?” – അദ്ദേഹം ചോദിച്ചു.
​ആശുപത്രികളിൽ നിന്ന് കോടിക്കണക്കിന് രൂപ വാങ്ങി മാലിന്യം ശേഖരിക്കുന്ന ഐ.എം.എ, അത് കൃത്യമായി സംസ്കരിക്കാതെ ജനവാസ മേഖലയ്ക്കും ശുദ്ധജല സ്രോതസ്സിനും ഭീഷണിയാകുന്ന രീതിയിൽ കൈകാര്യം ചെയ്യുന്നത് ഒട്ടും അംഗീകരിക്കാനാകില്ല. ഈ വിഷയത്തിൽ മലിനീകരണ നിയന്ത്രണ ബോർഡും സർക്കാരും അടിയന്തരമായി ഇടപെടണം.
​എസ്.ഡി.പി.ഐ മുന്നോട്ട് വെക്കുന്ന പ്രധാന ആവശ്യങ്ങൾ:
​പ്ലാന്റിലെ തകരാറിലായ ഇൻസിനറേറ്ററുകൾ യുദ്ധകാലാടിസ്ഥാനത്തിൽ നന്നാക്കി മാലിന്യ സംസ്കരണം പുനരാരംഭിക്കുക.
​മഴക്കാലത്ത് ഡാമിലേക്ക് മലിനജലം ഒലിച്ചിറങ്ങാതിരിക്കാൻ അടിയന്തര സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുക.
​ജനങ്ങളുടെ ആരോഗ്യം അപകടത്തിലാക്കിയ പ്ലാന്റ് അധികൃതർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുക.
​ഈ ഗുരുതരമായ സാഹചര്യത്തിൽ ബന്ധപ്പെട്ട അധികാരികൾ ഉദാസീനത തുടർന്നാൽ, ജനങ്ങളുടെ ജീവനും ആരോഗ്യവും സംരക്ഷിക്കുന്നതിനായി ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് എസ്.ഡി.പി.ഐ നേതൃത്വം നൽകുമെന്നും ജില്ലാ വൈസ് പ്രസിഡന്റ് ഷരീഫ് അത്താണിക്കൽ പ്രസ്താവനയിൽ വ്യക്തമാക്കി.

Related post

കണ്ണൂർ സെൻട്രൽ ജയിലിൽ സംഘർഷം; ജയിൽ വാർഡൻമാർ ഉൾപ്പെടെ 11 പേർക്ക് പരിക്ക്

Time to time News

പോലിസ് കസ്റ്റഡിയിലെടുത്ത ഓട്ടോറിക്ഷയില്‍ ഉറങ്ങിയ യാത്രക്കാരന്‍ മരിച്ച നിലയില്‍

Time to time News

സാമൂഹിക നീതിയുടെ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുക – റസാഖ് പാലേരി

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."