കണ്ണൂർ സെൻട്രൽ ജയിലിൽ സംഘർഷം; ജയിൽ വാർഡൻമാർ ഉൾപ്പെടെ 11 പേർക്ക് പരിക്ക്

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിലുണ്ടായ സംഘർഷത്തിൽ ജയിൽ വാർഡൻമാർക്കും മർദനമേറ്റു. ബുധനാഴ്ച ഉച്ചയോടെയാണ് സെൻട്രൽ ജയിലിലെ ഒന്നാം ബ്ലോക്കിൽ സംഭവം നടന്നത്. ജയിൽ വാർഡൻമാർ ഉൾപ്പെടെ 11 പേർക്കാണ് പരിക്കേറ്റത്.
തടവുകാർ തമ്മിൽ ഏറ്റുമുട്ടുന്നതിനിടെ ഒരാൾ ബ്ലേഡ് ഉപയോഗിച്ച് സ്വന്തം ശരീരത്തിൽ മുറിവേൽപ്പിച്ചതായാണ് വിവരം. ഇതേത്തുടർന്ന് സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ജയിൽ വാർഡൻമാർ സംഭവസ്ഥലത്തെത്തിയെങ്കിലും, ബ്ലോക്കിലുണ്ടായിരുന്ന തടവുകാർ ഉദ്യോഗസ്ഥർക്കുനേരെ തിരിയുകയായിരുന്നു.
സംഭവത്തിൽ പ്രിസൺ ഓഫീസർ ഉൾപ്പെടെ അഞ്ച് ജയിൽ വാർഡൻമാർക്കും ആറ് തടവുകാർക്കും പരിക്കേറ്റു. പരിക്കേറ്റവർ ചികിത്സ തേടിയതായും ആരുടെയും പരിക്ക് ഗുരുതരമല്ലെന്നും ജയിൽ അധികൃതർ അറിയിച്ചു.
കാപ്പ തടവുകാർ ഉൾപ്പെടെ ചിലർ ഇടയ്ക്കിടെ ജയിലിൽ പ്രകോപനപരമായ സാഹചര്യം സൃഷ്ടിക്കാറുണ്ടെന്നും, സുരക്ഷാ നിയന്ത്രണങ്ങൾ കർശനമാക്കുന്ന സാഹചര്യങ്ങളിലാണ് ഇത്തരത്തിലുള്ള സംഘർഷങ്ങൾ ഉണ്ടാകുന്നതെന്നും ജയിൽ അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ പോലീസിന് പരാതി നൽകിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

