ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചതിന് പ്രതികാരം
വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച് ജനനേന്ദ്രിയത്തിന് ഗുരുതര പരിക്ക്

തൊടുപുഴ: സ്ഥാപനത്തിലെ ഹോസ്റ്റലിൽ സഹപാഠികൾ ലഹരി ഉപയോഗിക്കുന്ന വിവരം അധ്യാപകരെ അറിയിച്ചതിന്റെ പേരിൽ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച് ജനനേന്ദ്രിയത്തിന് ഗുരുതരമായി പരിക്കേൽപ്പിച്ചതായി പരാതി. അണക്കര സ്വദേശിയായ 19 വയസുകാരനാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. തൊടുപുഴയിലെ ഗ്രാൻഡിസ് എന്ന സ്ഥാപനത്തിൽ മൊബൈൽ ഫോൺ, ലാപ്‌ടോപ്പ് സർവീസ് കോഴ്‌സിന് പഠിക്കുന്ന വിദ്യാർത്ഥിയാണ് ആക്രമണത്തിനിരയായത്.
അഞ്ഞൂറിലധികം വിദ്യാർത്ഥികൾ പഠിക്കുന്ന സ്ഥാപനത്തിലാണ് സംഭവം. സ്ഥാപനത്തിന്റെ ഹോസ്റ്റൽ സൗകര്യമുണ്ടെന്ന് അറിയിച്ചിരുന്നെങ്കിലും വീടാണ് ഹോസ്റ്റലായി ഉപയോഗിച്ചിരുന്നതെന്നാണ് വിദ്യാർത്ഥിയുടെ ആരോപണം. മൂന്ന് മുറികളിലായി പതിനൊന്ന് പേരാണ് ഇവിടെ താമസിച്ചിരുന്നത്.
ഹോസ്റ്റലിൽ താമസിച്ചിരുന്ന മൂന്ന് പേർ സ്ഥിരമായി കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വിദ്യാർത്ഥി ഇക്കാര്യം അധ്യാപകരെ അറിയിക്കുകയായിരുന്നു. അധ്യാപകരുടെ നിർദേശപ്രകാരം ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ ഉൾപ്പെടെ വിദ്യാർത്ഥി പകർത്തി അധ്യാപകർക്ക് കൈമാറിയതായും പറയുന്നു.
തുടർന്ന് അധ്യാപകർ ഹോസ്റ്റലിലെത്തി വിവരങ്ങൾ അന്വേഷിച്ചപ്പോൾ ലഹരി ഉപയോഗിച്ചതായി ഇവർ സമ്മതിച്ചെങ്കിലും ഒരു തവണ മാത്രമാണ് ഉപയോഗിച്ചതെന്നായിരുന്നു വിശദീകരണം. എന്നാൽ ഉപദേശിച്ചതിന് ശേഷം മറ്റ് നടപടികളൊന്നും സ്വീകരിക്കുകയോ വീട്ടുകാരെ വിവരം അറിയിക്കുകയോ ചെയ്തില്ലെന്നാണ് ആക്രമണത്തിനിരയായ വിദ്യാർത്ഥിയുടെ ആരോപണം.

തങ്ങൾക്കെതിരെ ദൃശ്യങ്ങൾ അധ്യാപകർക്ക് കൈമാറിയത് ആരാണെന്ന് സഹപാഠികൾ പിന്നീട് മനസ്സിലാക്കിയതോടെയാണ് പ്രശ്നങ്ങൾ രൂക്ഷമായതെന്നാണ് വിദ്യാർത്ഥി പറയുന്നത്. തുടർന്ന് അസഭ്യം പറയുകയും ക്രൂരമായി മർദ്ദിക്കുകയും ഒടുവിൽ ജനനേന്ദ്രിയത്തിൽ ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തെന്നാണ് പരാതി.
തിങ്കളാഴ്ച നടന്ന ആക്രമണ വിവരം ഭയംമൂലം വിദ്യാർത്ഥി വീട്ടുകാരോട് ആദ്യം പറഞ്ഞിരുന്നില്ല. എന്നാൽ പിന്നീട് വേദന ശക്തമായതോടെ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ഗുരുതര പരിക്കിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയതായാണ് വിവരം.
സംഭവത്തിൽ തൊടുപുഴ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത പ്രതിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയ ശേഷം വീട്ടുകാർക്കൊപ്പം വിട്ടയച്ചതായാണ് വിവരം. സംഭവത്തിൽ ഉൾപ്പെട്ടതായി ആരോപിക്കപ്പെടുന്ന മറ്റ് രണ്ട് പേർക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ലെന്നും വിദ്യാർത്ഥിയുടെ ഭാഗത്തുനിന്ന് ആരോപണമുണ്ട്.
സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി ആക്രമണത്തിൽ പങ്കെടുത്ത എല്ലാവർക്കുമെതിരെ നിയമനടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.

