അറ്റുപോകാത്ത പൊക്കിള്‍ക്കൊടി തുറന്നുകാട്ടിയ ക്രൂരത; ഗർഭിണിയെ കൊന്ന് കുളത്തിൽ താഴ്ത്തിയ എസ്റ്റേറ്റ് സൂപ്പർവൈസർക്ക് ജീവപര്യന്തം

തൊടുപുഴ: എട്ടുമാസം ഗർഭിണിയായ യുവതിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി മൃതദേഹം എസ്റ്റേറ്റിലെ കുളത്തിൽ കെട്ടിത്താഴ്ത്തിയ കേസിൽ പ്രതിയായ എസ്റ്റേറ്റ് സൂപ്പർവൈസർക്ക് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. തെളിവ് നശിപ്പിച്ചതിന് മൂന്ന് വർഷം കഠിനതടവും കോടതി വിധിച്ചു. കട്ടപ്പന കടമാകുഴി സ്വദേശിയും ഏലത്തോട്ടം സൂപ്പർവൈസറുമായ മാത്യു ദേവസ്യ എന്ന തങ്കച്ചൻ (63) ആണ് തൊടുപുഴ പ്രിൻസിപ്പൽ സെഷൻസ് കോടതി ശിക്ഷിച്ചത്. പിഴത്തുക കൊല്ലപ്പെട്ട അമ്പിളിയുടെ മാതാവിന് നൽകാനും കോടതി നിർദേശിച്ചു.
2012 ജനുവരി മൂന്നിനാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. സൂപ്പർവൈസറായ മാത്യുവുമായി പ്രണയത്തിലായിരുന്ന അമ്പിളി ഗർഭിണിയായതോടെയാണ് സംഭവങ്ങളുടെ തുടക്കം. കുടുംബജീവിതം തകരുമെന്ന ഭയത്തെ തുടർന്ന് ദിവസങ്ങൾ നീണ്ട ആസൂത്രണത്തിനൊടുവിൽ മാത്യു അമ്പിളിയെ പാമ്പാടുംപാറയിലെ കാപ്പിത്തോട്ടത്തിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് പ്ലാസ്റ്റിക് കയർ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. മൃതദേഹം പടുതയിൽ പൊതിഞ്ഞ് കല്ലുകെട്ടി എസ്റ്റേറ്റിലെ കുളത്തിൽ താഴ്ത്തുകയായിരുന്നു.
അന്വേഷണം ശക്തമായതോടെ പിടിയിലാകുമെന്ന് ഉറപ്പായ മാത്യു വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ലഭിച്ച കൗൺസലിങ്ങിനിടെ ഡോക്ടറോടാണ് ഇയാൾ കൊലപാതക വിവരം തുറന്നുപറഞ്ഞത്. ഇതിനിടെ തോട്ടത്തിലെ കുളത്തിൽ നിന്ന് ദുർഗന്ധം വമിച്ച നിലയിൽ പൊങ്ങിയ പടുതാക്കെട്ട് തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടു. പരിശോധനയിൽ അമ്പിളിയുടെയും പൊക്കിള്‍ക്കൊടി അറ്റുപോകാത്ത നവജാത ശിശുവിന്റെയും മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു.
ദൃക്സാക്ഷികളില്ലാതിരുന്ന കേസിൽ ശാസ്ത്രീയ തെളിവുകളാണ് നിർണായകമായത്. ഡി.എൻ.എ പരിശോധനയിൽ കുഞ്ഞിന്റെ പിതാവ് മാത്യുവാണെന്ന് തെളിഞ്ഞു. കൊലപാതകം നടന്ന ദിവസം അമ്പിളിയെ പ്രതി നിരന്തരം ഫോണിൽ വിളിച്ചതിന്റെ രേഖകളും അന്വേഷണത്തിൽ ലഭിച്ചു. ഈ തെളിവുകളാണ് പ്രതിക്കെതിരായ കേസ് ശക്തമാക്കുന്നതിലും പരമാവധി ശിക്ഷ ഉറപ്പാക്കുന്നതിലും നിർണായകമായത്.

