Image default
Uncategorized

കോങ്ങാട് പോലീസ് സ്റ്റേഷനിൽ യുവാവിന് മർദനമെന്ന് പരാതി; അച്ഛനെയും ഭീഷണിപ്പെടുത്തിയതായി ആരോപണം

0:00

കോങ്ങാട് പോലീസ് സ്റ്റേഷനിൽ യുവാവിന് മർദനമെന്ന് പരാതി; അച്ഛനെയും ഭീഷണിപ്പെടുത്തിയതായി ആരോപണം

പാലക്കാട്: അതിർത്തി തർക്കവുമായി ബന്ധപ്പെട്ട് കോങ്ങാട് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ യുവാവിനെ സ്റ്റേഷനുള്ളിൽ വെച്ച് മർദിക്കുകയും പിതാവിനെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. മുണ്ടൂർ സത്രംകാവ് സ്വദേശി മുണ്ടക്കോട്ട് വീട്ടിൽ ശശികുമാറും മകൻ ഡിനുവുമാണ് മണ്ണാർക്കാട് ഡിവൈഎസ്പിക്ക് പരാതി നൽകിയത്.
ആഗസ്റ്റ് 19നാണ് അതിർത്തി തർക്കവുമായി ബന്ധപ്പെട്ട് ശശികുമാറിനെയും ഡിനുവിനെയും കോങ്ങാട് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. സ്റ്റേഷനിലെത്തിയ തങ്ങളെ യൂണിഫോമിലല്ലാതിരുന്ന, നെയിംബോർഡ് ധരിക്കാത്ത ഒരാൾ വിരട്ടുകയും അപമാനിക്കുകയും ചെയ്തതായി ഡിനു ആരോപിച്ചു. തുടർന്ന് തന്നെ മാത്രം മറ്റൊരു മുറിയിലേക്ക് വിളിച്ചുകൊണ്ടുപോയി, ക്യാമറ ഇല്ലാത്ത ഭാഗത്ത് കൈകൾ പിന്നിലേക്ക് തിരിച്ച് മുഖം ചുമരിലേക്ക് ചേർത്തുനിർത്തി ശാരീരികമായി ഉപദ്രവിച്ചതായും പരാതിയിൽ പറയുന്നു.
മകനെ സ്റ്റേഷനുള്ളിലേക്ക് കൊണ്ടുപോകുന്നത് കണ്ട് അന്വേഷിക്കാനെത്തിയ പിതാവ് ശശികുമാറിനെയും മറ്റൊരു പോലീസുദ്യോഗസ്ഥൻ വിരട്ടി പുറത്താക്കിയതായി ഡിനു പറഞ്ഞു. പരാതിക്കാരന്റെ സാന്നിധ്യത്തിൽ വെച്ച് തന്നെ പോലീസുദ്യോഗസ്ഥൻ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും ആരോപണമുണ്ട്. അയൽവാസിയെ മതിൽ കെട്ടാൻ അനുവദിച്ചില്ലെങ്കിൽ ഇഴഞ്ഞ് മാത്രമേ വീട്ടിലേക്ക് പോകൂ എന്ന് പറഞ്ഞായിരുന്നു മർദനമെന്നും ഡിനു ആരോപിച്ചു.
ശാരീരിക ആക്രമണത്തെ തുടർന്ന് കൈയ്ക്കും ശരീരത്തിന്റെ വിവിധ ഭാഗങ്ങൾക്കും പരിക്കേറ്റതായും ചികിത്സ തേടിയതായും ഡിനു പറഞ്ഞു. എക്സ്-റേ ഉൾപ്പെടെയുള്ള ചികിത്സാ രേഖകളും ഡിനു പരാതിക്കൊപ്പം ഹാജരാക്കിയിട്ടുണ്ട്.
അതിർത്തി സംബന്ധിച്ച തർക്കമാണ് സംഭവങ്ങളുടെ തുടക്കമെന്നാണ് ഡിനുവിന്റെ വിശദീകരണം. അയൽവാസി അതിർത്തി നിർണയിച്ച് മതിൽ കെട്ടുന്നതിനിടെ തങ്ങളുടെ സ്ഥലവും ഉൾപ്പെടുന്നതായി തർക്കമുണ്ടായതിനെ തുടർന്ന് പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി അളന്നിരുന്നു. ഇരു വിഭാഗവും അളവ് അംഗീകരിച്ചിരുന്നെങ്കിലും പിന്നീട് അയൽവാസി നിലപാട് മാറ്റി തങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ മതിൽ കെട്ടുമെന്ന് പറഞ്ഞതോടെയാണ് പ്രശ്നം വീണ്ടും ഉണ്ടായതെന്നാണ് ഡിനു പറയുന്നത്.
മതിൽ കെട്ടുന്നതിനെ തങ്ങൾ എതിർത്തിട്ടില്ലെന്നും തങ്ങളുടെ ഭാഗം കൃത്യമായി നിർണയിച്ച ശേഷമേ മതിൽ നിർമിക്കാൻ അനുവദിക്കൂ എന്ന നിലപാടാണ് സ്വീകരിച്ചതെന്നും ഡിനു വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ടാണ് അയൽവാസി കോങ്ങാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതെന്നും പരാതിയിൽ മതിൽ കെട്ടാൻ അനുവദിക്കുന്നില്ലെന്ന കാര്യം മാത്രമാണ് പ്രധാനമായും പറയുന്നതെന്നാണ് തന്റെ അറിവെന്നും ഡിനു പറഞ്ഞു.
ഇതിന്റെ തുടർച്ചയായാണ് തങ്ങളെയും പിതാവിനെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയതെന്നും പരാതിക്കാരന് അനുകൂലമായ നിലപാടാണ് ഉദ്യോഗസ്ഥൻ സ്വീകരിച്ചതെന്നും ഡിനു ആരോപിച്ചു. പരാതി നൽകിയവർക്ക് മതിൽ കെട്ടാനുള്ള സൗകര്യം ചെയ്തുകൊടുത്തില്ലെങ്കിൽ കോങ്ങാട് പോലീസ് എന്താണെന്ന് അറിയാമെന്ന തരത്തിൽ ഭീഷണിപ്പെടുത്തിയതായും ഡിനു പറഞ്ഞു.
താലൂക്ക് അധികൃതരുടെ സാന്നിധ്യത്തിൽ വീണ്ടും ഭൂമി അളന്ന് അതിർത്തി വ്യക്തമായി നിർണയിച്ച ശേഷം മാത്രമേ മതിൽ നിർമിക്കാൻ അനുവദിക്കൂ എന്ന നിലപാടിലാണ് ഡിനുവും പിതാവും. തങ്ങൾ ഒരിക്കലും അയൽവാസി മതിൽ കെട്ടുന്നതിനെ എതിർത്തിട്ടില്ലെന്നും സ്വന്തം ഭൂമിയുടെ ഭാഗത്ത് മതിൽ കെട്ടണമെന്ന ആവശ്യം മാത്രമാണ് ഉന്നയിച്ചതെന്നും ഡിനു പറഞ്ഞു.
സ്റ്റേഷനിൽ വെച്ച് തങ്ങളെ ശാരീരികമായും മാനസികമായും ബുദ്ധിമുട്ടിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് മണ്ണാർക്കാട് ഡിവൈഎസ്പിക്ക് പരാതി നൽകിയതെന്ന് ഡിനു വ്യക്തമാക്കി. പരാതിയുടെ രേഖകളും ചികിത്സാ രേഖകളും ഡിനു പുറത്തുവിട്ടു.
പോലീസ് സ്റ്റേഷനിൽ നടക്കാൻ പാടില്ലാത്ത കാര്യമാണ് നടന്നതെന്ന് ചൂണ്ടിക്കാട്ടി സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ഡിവൈഎസ്പി ഉറപ്പ് നൽകിയതായി ഡിനുവും പിതാവും പറഞ്ഞു. ആരോപണങ്ങളിൽ പോലീസ് അന്വേഷണത്തിന് ശേഷമേ കൂടുതൽ വ്യക്തത ലഭിക്കുകയുള്ളൂ.

Related post

ജില്ലാ ആശുപത്രിയിൽ തെരുവുനായയുടെ ആക്രമണം; 68കാരന് കടിയേറ്റുവസ്ത്രങ്ങളും കടിച്ചുകീറി

Time to time News

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഭിന്നശേഷിക്കാരുടെ ക്ഷേമം ഉറപ്പുവരുത്തണം

Time to time News

വിദ്യാര്‍ഥിനിയെ നിരന്തരം പീഡിപ്പിച്ചു; കഥകളി അധ്യാപകനെതിരെ കേസ്

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."