ഓപ്പറേഷൻ തണ്ടർ: ക്രിയാറ്റിൻ ടിന്നിൽ ഒളിപ്പിച്ച ലക്ഷങ്ങൾ വിലമതിക്കുന്ന മെത്താംഫിറ്റാമിൻ പിടികൂടി

പാലക്കാട്: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വാളയാർ എക്സൈസ് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ വാണിജ്യ അളവിലുള്ള മെത്താംഫിറ്റാമിൻ പിടികൂടി. ബംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന ബസിൽ നിന്നാണ് 142 ഗ്രാം മെത്താംഫിറ്റാമിനും ഒരു ഗ്രാം കഞ്ചാവും പിടികൂടിയത്.
തൃശ്ശൂർ ജില്ലയിലെ കുന്നംകുളം താലൂക്കിലെ കടങ്ങോട് വില്ലേജ് വെള്ളാർക്കാട് ദേശം അമ്പലവട്ടംകരയിൽ അയ്യലകാട്ടിൽ വീട്ടിൽ ചന്ദ്രന്റെ മകൻ ജിതിൻ എ.സി. (35) ആണ് അറസ്റ്റിലായത്. ക്രിയാറ്റിൻ ടിന്നിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മെത്താംഫിറ്റാമിൻ കണ്ടെത്തിയത്.
വാളയാർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മുകേഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. തുടർന്ന് എക്സൈസ് ഇൻസ്പെക്ടർ ജിത്തു കിരൺ കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ തുടർനടപടികൾക്കായി പാലക്കാട് എക്സൈസ് റേഞ്ച് ഓഫീസിൽ ഹാജരാക്കി.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ദേവകുമാർ വി., സിവിൽ എക്സൈസ് ഓഫീസർമാരായ സജീവ് ടി.സി., വേണുഗോപാലൻ, അമർനാഥ്, വിപിൻ വി. എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി അതിർത്തി മേഖലകളിൽ എക്സൈസ് പരിശോധന ശക്തമാക്കിയ സാഹചര്യത്തിലാണ് വാളയാറിൽ വാണിജ്യ അളവിലുള്ള ലഹരിമരുന്ന് പിടികൂടിയത്. സംഭവത്തിൽ ലഹരിമരുന്നിന്റെ ഉറവിടവും ലക്ഷ്യസ്ഥാനവും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണം തുടരുകയാണ്.

